എ ഐ ക്യാമറയ്ക്കും ടാര്‍ഗറ്റ്; മാസത്തിനുള്ളില്‍ 300 നിയമലംഘനങ്ങള്‍ കണ്ടെത്തണം

News

തിരുവനന്തപുരം: എ ഐ ക്യാമറയ്ക്കും ടാര്‍ഗറ്റ് നിശ്ചയിച്ച് സര്‍ക്കാര്‍. ഒരു ക്യാമറ ഒരു മാസത്തിനുള്ളില്‍ മുന്നൂറ് നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് ടാര്‍ഗറ്റ്. ഇത് സാധിച്ചില്ലെങ്കില്‍ ക്യാമറ മാറ്റി സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറിലാണ് പിഴയുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ക്യാമറ സ്ഥാപിച്ചതിന്റെ ലക്ഷ്യം ടോള്‍ പിരിവ് മോഡല്‍ പിഴിയലാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

അതേസമയം എ ഐ ക്യാമറ ഇടപാടില്‍ എ ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. എ ഐ ക്യാമറയില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ എ ജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെല്‍ട്രോണിന്റെ ഉപകരാറിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാല്‍ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എ ജി കടക്കും.