കാസര്‍ക്കോട്: പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ യുവാവ് മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറ തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. എണ്ണപ്പാറയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നുണ്ടായിരുന്നു. ഇവിടെ കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് എത്തി. പൊലീസ് വാഹനം കണ്ടതോയെ വിഷ്ണു ഭയന്നോടുകയായിരുന്നു. കളിസ്ഥലത്തോട് ചേര്‍ന്നുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് വിഷ്ണു വീണത്. 20 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. കിണറ്റില്‍ തലയിടിച്ചാണ് വിഷ്ണു വീണത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും ചേര്‍ന്ന് വിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
