കര്‍ണാടകയില്‍ വീരശൈവലിംഗായത്ത് പിന്തുണ കോണ്‍ഗ്രസിന്

Politics

ബംഗളുരു: കര്‍ണാടകയില്‍ വീരശൈവലിംഗായത്ത് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസിന് പരസ്യ പിന്തുണയുമായി വീരശൈവലിംഗായത്ത് രംഗത്തുവന്നത്. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണച്ചിരുന്ന ലിംഗായത്ത് വോട്ടുകള്‍ ഇക്കുറി ബി ജെ പിയെ കൈവിട്ടതോടെ കോണ്‍ഗ്രസ് നില കൂടുതല്‍ മെച്ചപ്പെടും.

ലിംഗായത്തിലെ പ്രമുഖ വിഭാഗമായ വീരശൈവലിംഗായത്താണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവദി തുടങ്ങി ലിംഗായത്ത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വധീനമുള്ള നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചു, യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ലിംഗായത്ത് വിഭാഗം ബി ജെ പിയോട് പുറം തിരിഞ്ഞ് നില്‍കുകയായിരുന്നു. അതിനിടയിലാണ് വീരശൈവലിംഗായത്തു ഫോറത്തിന്റെ പരസ്യ പ്രഖ്യാപനം കത്തിലൂടെ പുറത്തുവന്നത്. മധ്യ കര്‍ണാടക, ഉത്തര കര്‍ണാടക മേഖലകളില്‍ നിര്‍ണായകമായ സ്വാധീനം ഉള്ളവരാണ് ലിംഗായത്തുകള്‍. സംസ്ഥാനത്ത് നാല്‍പതോളം മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കുന്നതില്‍ അവര്‍ക്ക് പ്രാധാന്യമുണ്ട്.