കോഴിക്കോട്: ഇരുചക്ര വാഹന യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ മാതൃകയില്‍ ജലഗതാഗത യാത്രികര്‍ക്ക് ലൈഫ്ജാക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ അടിയന്തര യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. ചുരുങ്ങിയ വിലയ്ക്ക് സ്വയം ഊതി വീര്‍പ്പിക്കാവുന്ന ലൈഫ് ജാക്കറ്റ് ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. വിദേശരാജ്യങ്ങളില്‍ ലൈഫ് ജാക്കറ്റ് കയറുമ്പോള്‍ കയ്യില്‍ കരുതിയാല്‍ മാത്രം പോരാ ദേഹത്ത് ധരിച്ചാല്‍ മാത്രമേ ജലഗതാഗത വാഹനത്തില്‍ കയറാന്‍ അനുവദിക്കു. കടല്‍ത്തീരങ്ങളെല്ലാം സദാ ജാഗ്രത പാലിക്കുന്ന പരിശീലനം ലഭിച്ച ഗാര്‍ഡുമാരുടെ നിരീക്ഷണത്തില്‍ ആയിരിക്കും. അടിയന്തരമായി ലൈഫ് ജാക്കറ്റുകള്‍ ജലഗതാഗത യാത്രികര്‍ കൊണ്ടുവരികയോ, മിതമായ നിരക്കില്‍ കടവുകളില്‍ (ജെട്ടികളില്‍) വാടകയ്ക്ക് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി ജലയാത്രക്ക് സുരക്ഷ ഉറപ്പുവരുത്തണം. ഈ ആവശ്യം ഉന്നയിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും നിവേദനം അയക്കാന്‍ യോഗം തീരുമാനിച്ചു.
എം ഡി സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഒറ്റയ്ക്കും, എം.ഡി.സി. അംഗങ്ങളുമായി നടത്തിയ വിദേശ യാത്രകളിലെ ജല യാത്രകളില്‍ അവിടുത്തെ അധികാരികള്‍ കാണിക്കുന്ന സൂക്ഷ്മതയും ശുഷ്കാന്തിയും യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രിയെയും പത്തുലക്ഷം രൂപ വീതം ധനസഹായവും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സ ചിലവും പ്രഖ്യാപിച്ച മുഖ്യമന്ത്രിയെയും യോഗം നന്ദി അറിയിച്ചു. സംഭവം അറിഞ്ഞ ഉടനെ ടൂറിസം മന്ത്രിയോടും, കായിക മന്ത്രിയോടും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് നിര്‍ദ്ദേശിച്ച് എത്രയും വേഗം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ജനപ്രതിനിധികള്‍ എല്ലാവരെയും യോഗം നന്ദി അറിയിച്ചു. സര്‍വ്വോപരി സംഭവം അറിഞ്ഞ ഉടനെ ഏറെ പരിമിതികള്‍ ഉണ്ടായിട്ടും കൈ മെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ തദ്ദേശവാസികള്‍, ഫയര്‍ഫോഴ്സ്, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാ ഭരണകൂടം, ഭരണ പ്രതിപക്ഷ ജനപ്രതിനിധികള്‍ എന്നിവരുടെ ഏകോപിച്ചിട്ടുള്ള പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പന്, ഭാരവാഹികളായ ആര് ജയന്തകുമാര്‍, പ്രൊഫസര്‍ ഫിലിപ് കെ ആന്റണി, അഡ്വക്കറ്റ് വിക്ടര്‍ ആന്റണി നൂണ്, പി ഐ അജയന്, ബേബി കിഴക്കേഭാഗം, കുന്നോത്ത് അബൂബക്കര്‍, എന്നിവര്‍ പങ്കെടുത്തു. ജോസി വി ചുങ്കത്ത് സ്വാഗതവും സി സി മനോജ് നന്ദിയും രേഖപ്പെടുത്തി. നേരത്തെ താനൂരിലെ ബോട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.