ഹജ്ജ് വളണ്ടിയർ തെരഞ്ഞെടുപ്പ്: സംഘടനാവൽക്കരിക്കാനുള്ള ശ്രമം അപലപനീയമെന്ന് കെ എൻ എം

Kozhikode

കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന ഹജ്ജ് ക്യാമ്പിലെ സന്നദ്ധ സേവനത്തിന് ഒരു സംഘടനയുടെ മാത്രം പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ആസൂത്രിത ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

കേരള ഹജ്ജ് കമ്മിറ്റി കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടനകളെയും പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് . സ്വാധീനമുപയോഗിച്ച്
രഹസ്യമായി ഒരു സംഘടനയുടെ മാത്രം അംഗങ്ങളെ ഹാജിമാരുടെ സേവനത്തിനായി തിരഞ്ഞെടുക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. നാളിതുവരെ ഇല്ലാത്ത ഇത്തരം സമീപനം ഹജ്ജ് കമ്മിറ്റിക്ക് തന്നെ കളങ്കമുണ്ടാക്കുന്നതാണെന്ന് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. നിഷ്പക്ഷമായി നീതിയോടെ നിർവഹിക്കേണ്ട ഹജ്ജ് സേവനത്തെ സങ്കുചിത താത്‌പര്യത്തിനു ദുർവിനിയോഗം ചെയ്യുന്നത് ശരിയല്ല. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കെ എൻ എം ആവശ്യപ്പെട്ടു