കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവം മെയ് 11 വ്യാഴാഴ്ച തുടങ്ങും. വൈകുന്നേരം 6 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഔപചാരിക ഉദ്ഘാടനം വൈകുന്നേരം 6 മണിക്കാണെങ്കിലും കാര്യപരിപാടികള്‍ രാവിലെ 10 മണിക്ക് വനിതാ സെമിനാറോടെ ആരംഭിക്കും. സെമിനാര്‍ ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്യും. ഡോ. ലിസി മാത്യു, ഡോ. കെ. ദിവ്യ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥികളും കേരളത്തിനകത്തും പുറത്തും മാപ്പിളകലകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നവരുമായ ഫോക്ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് അവരുടെ വനിതാ ദഫ്, കോല്‍ക്കളി എന്നിവ അരങ്ങേറും. ഉച്ചക്കുശേഷം നടക്കുന്ന കവയിത്രീ സംഗമം സി.എച്ച്. മാരിയത്ത് ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, നിലമ്പൂര്‍ ആയിഷ, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി എന്നിവര്‍ പ്രഭാഷണം നടത്തും. മാപ്പിള കലാരംഗത്ത് മണ്‍മറഞ്ഞ പ്രതിഭകളുടെ ഫോട്ടോ അനാഛാദനം ടി.കെ. ഹംസ നിര്‍വ്വഹിക്കും. മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച ഹുസ്‌നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ ബാലസാഹിത്യ കൃതിയുടെ പ്രകാശനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് വനിതകള്‍ മാത്രം ചേര്‍ന്ന് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് ഇശലിമ്പം അരങ്ങേറും. തബലിസ്റ്റ് രത്‌നശ്രീ അയ്യര്‍ ഉദ്ഘാടനം ചെയ്യും.
മെയ് 12ന് വെള്ളിയാഴ്ച സാക്ഷരതാമിഷന്‍ പ്രവര്‍ത്തകരും പഠിതാക്കളും ചേര്‍ന്നൊരുക്കുന്ന പ്രതിഭാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. മാപ്പിളകലകളും ഇതര കലകളും ഉള്‍പ്പെട്ട വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. വൈകുന്നേരം 6മണിക്ക് നടക്കുന്ന ഗാനസന്ധ്യയില്‍ റോയല്‍ മ്യൂസിക് ബാന്‍ഡിന്റെ മുട്ടിപ്പാട്ടും ഷിഹാബ്, സാബിറ എന്നിവരുടെ ഗസലും അരങ്ങേറും.
മൂന്നാം ദിവസം ശനിയാഴ്ച രാവിലെ 10മണിക്ക് തുടങ്ങുന്ന ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ കലയും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ വൈദ്യര്‍സ്മാരകപ്രഭാഷണം നിര്‍വ്വഹിക്കും. എ.പി. അഹമ്മദ്, മാമുക്കോയ അനുസ്മരണം നടത്തും. രാത്രി 8മണിക്ക് ഷംസീര്‍ കൊണ്ടോട്ടിയും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി, സന്തോഷ് തച്ചണ്ണ അവതരിപ്പിക്കുന്ന ദുഃഖപുത്രന്‍ എന്ന ഏകപാത്ര നാടകം എന്നിവ അരങ്ങേറും.
ഞായറാഴ്ച രാവിലെ തനത് മാപ്പിളപ്പാട്ട് ഗായകസംഗമം നടക്കും. ഉച്ചക്കുശേഷം നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ ജിംസിത്ത് അമ്പലപ്പാട്ട് സംവിധാനം ചെയ്ത കോല്‍ക്കളി ഡോക്യുമെന്ററി പ്രദര്‍ശനം, വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം, മുഹ്‌സിന നൂറുല്‍ അമീന്‍ രചിച്ച ഒരു ആത്മാവിന്റെ ആത്മ കഥ എന്ന പുസ്തകത്തിന്റെ പ്രകാശനം എന്നിവ നടക്കും. വൈകിട്ട് പ്രാദേശിക കലാസമിതികള്‍ ഒരുക്കുന്ന കലാസന്ധ്യ അമ്പാട്ട് കുഞ്ഞാലന്‍കുട്ടി(ബിച്ചാപ്പു) ഉദ്ഘാടനം ചെയ്യും.
സമാപന ദിവസമായ തിങ്കളാഴ്ച ഖിസ്സപ്പാട്ട് കലാകാര സംഗമം പക്കര്‍ പന്നൂരും, മാപ്പിളപ്പാട്ട് കവിയരങ്ങ് ശ്രീജിത്ത് അരിയല്ലൂരും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന വൈദ്യര്‍ രാവ് റിയാലിറ്റി ഷോ ഗായകന്‍ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, അക്കാദമി അംഗം പി. അബ്ദുറഹിമാന്‍, രാഘവന്‍ മാടമ്പത്ത്, ഒ.പി. മുസ്തഫ എന്നിര്‍ പങ്കെടുത്തു.
.