യു എസ് ടെക്‌നോളജി ഇന്‍റര്‍നാഷണലിന് ടി എം എ പഡോസന്‍ സി എസ് ആര്‍ അവാര്‍ഡ്

Thiruvananthapuram

തിരുവനന്തപുരം: ആഗോള സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ പ്രശംസനീയമായ സി.എസ്.ആര്‍ സംരംഭങ്ങള്‍ക്കുള്ള ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടി.എം.എ) ടി.എം.എ പഡോസന്‍ സി.എസ്.ആര്‍ അവാര്‍ഡ് 2023ന് യു.എസ് ടെക്‌നോളജി ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ് (യു.എസ്.ടി) അര്‍ഹമായി. മേയ് 18 നും 19 നുമായി തിരുവനന്തപുരത്ത് നടക്കുന്ന തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷനായ ‘ട്രിമ 2023’ ന് മുന്നോടിയായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

202122 കാലയളവില്‍ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിരവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയാണ് യുഎസ്ടിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ആരോഗ്യ പരിരക്ഷാ പരിപാടികള്‍, വിദ്യാഭ്യാസപിന്തുണ, ദുരന്തനിവാരണം, കോവിഡ്19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ യുഎസ്ടിയുടെ സാമൂഹികക്ഷേമ സംരംഭങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയതായും ജൂറി കൂട്ടിച്ചേര്‍ത്തു.

മേയ് 18 ന് വൈകുന്നേരം 5 ന് ആനയറയിലെ ഹോട്ടല്‍ ഓ ബൈ താമരയില്‍ നടക്കുന്ന ട്രിമ 2023 ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും.

മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള ടി.എം.എഅദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ ആരോഗ്യപരിചരണ, പുനരധിവാസ മേഖലയില്‍ ഗുണകരമായ മാറ്റം വരുത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ് െ്രെപവറ്റ് ലിമിറ്റഡിന് ഗവര്‍ണര്‍ നല്‍കും.

പക്ഷാഘാത രോഗികളുടെ ശാരീരിക പുനരധിവാസം സുഗമമാക്കുന്നതിനായുള്ള ‘ജിഗെയ്റ്റര്‍’, മാന്‍ഹോളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള ‘ബാന്‍ഡിക്യൂട്ട്’ തുടങ്ങിയ റോബോട്ടുകളെ വികസിപ്പിച്ചതിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ജെന്‍ റോബോട്ടിക്‌സിന്റെ നേട്ടങ്ങള്‍ കണക്കിലെടുത്താണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

‘തിരുവനന്തപുരത്തിന്റെ മനുഷ്യകേന്ദ്രീകൃതവും സുസ്ഥിരവുമായ വികസനത്തില്‍ ഇന്നൊവേഷന്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ പങ്ക്’ എന്ന വിഷയത്തില്‍ 2023ലെ ടി.എം.എകിംസ് മികച്ച പേപ്പര്‍ അവതരണ പുരസ്‌കാരം ഡി.സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയിലെ അഞ്ജു ദാസ് എസ്, അരവിന്ദ് എസ്, നന്ദന എസ്. കുമാര്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ നല്‍കും. സംയുക്ത പുരസ്‌കാര ജേതാക്കളായാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതേ വിഭാഗത്തില്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ സുബാന സുല്‍ഫി രണ്ടാം സമ്മാനം നേടി.

വ്യവസായപ്രമുഖര്‍, ജനപ്രതിനിധികള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ‘ട്രിവാന്‍ഡ്രം 5.0 പ്രോസ്പിരിറ്റി ബിയോണ്ട് പ്രോഫിറ്റ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘ട്രിമ 2023’ സെഷനുകളില്‍ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കിടും. എംപിമാരായ ഡോ. ശശി തരൂര്‍, ഡോ. ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

ലാഭവും വിജയവും എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം തലസ്ഥാന മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനരേഖ തയ്യാറാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ബിസിനസ്, മാനേജ്‌മെന്റ് പ്രമുഖരുടെ പ്രഭാഷണങ്ങള്‍, അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും കണ്‍വെന്‍ഷനില്‍ ഉണ്ടാകും. വ്യവസായപ്രമുഖര്‍, പ്രൊഫഷണലുകള്‍, ബിസിനസ് ഫ്രറ്റേണിറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 400 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ടിഎംഎ അംഗമല്ലാത്ത പ്രതിനിധികള്‍ക്ക് പ്രവേശന ഫീസ് 3000 രൂപയാണ്. ടിഎംഎ അംഗത്തിന് 2500 രൂപയും വിദ്യാര്‍ഥി അംഗത്തിന് 500 രൂപയും അംഗമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 600 രൂപയും ഫീസിനത്തില്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: www.tmakerala.com, ഫോണ്‍: 7907933518. ഇമെയില്‍: tmatvmkerala@gmail.com.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനുമായി (എ.ഐ.എം.എ) അഫിലിയേറ്റ് ചെയ്ത രാജ്യത്തെ പ്രധാന മാനേജ്‌മെന്റ് അസോസിയേഷനാണ് ടി.എം.എ.