ഐ ബി എ സില്‍ എപാക്‌സ് ഫണ്ട്‌സ് 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

Thiruvananthapuram

തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന െ്രെപവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്‌സ് പാര്‍ട്‌ണേഴ്‌സ് എല്‍.എല്‍.പി (എപാക്‌സ്) ഐബിഎസ് സോഫ്റ്റ് വെയറില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി. ധാരണാപ്രകാരം വി.കെ മാത്യൂസ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും.

ടെക്‌നോളജി നവീകരണത്തിലൂടെ ട്രാവല്‍ ബിസിനസിന്റെ ഭാവി പുനര്‍നിര്‍വചിക്കുക എന്ന കാഴ്ചപ്പാടോടെ 1997ല്‍ സ്ഥാപിതമായ ഐബിഎസ് ലോകത്തെ പ്രമുഖ ഏവിയേഷന്‍, ടൂര്‍, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് കമ്പനികളിലെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കായി സാസ് സൊല്യൂഷനുകള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനമാണ്. യാത്രാ വ്യവസായത്തിനായി നിര്‍മ്മിച്ച മോഡുലാര്‍, ക്ലൗഡ് അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിച്ച് ചരക്കുനീക്കം, ലോജിസ്റ്റിക്‌സ്, ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, പാസഞ്ചര്‍ സര്‍വീസ്, ലോയല്‍റ്റി പ്രോഗ്രാമുകള്‍, ക്രൂസ് ഓപ്പറേഷന്‍സ്, എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ് ഫോമുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന ബിസിനസ് പ്രക്രിയകളിലുടനീളം നവീകരണവും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ യാത്രാ കമ്പനികളെ ഐബിഎസ് സഹായിക്കുന്നു. 25 വര്‍ഷത്തിലേറെ ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ലോകമെമ്പാടുമുള്ള 4000 പ്രൊഫഷണലുകളും ക്ലൗഡ്‌നേറ്റീവ് പ്ലാറ്റ് ഫോമും മാര്‍ക്കറ്റ് നേതൃത്വവുമാണ് ട്രാവല്‍ ബിസിനസില്‍ നിര്‍ണായക സാങ്കേതിക പങ്കാളിയായി തുടരുന്നതില്‍ ഐബിഎസിന്റെ കരുത്ത്.

ട്രാവല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സാങ്കേതികമായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ദൗത്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എപാക്‌സുമായി പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ഈ നിക്ഷേപം ഐബിഎസിന്റെ വൈദഗ്ധ്യത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമാണ്. ഇതുവരെ ഐബിഎസിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും നന്ദി പറയുന്നു. ബ്ലാക്ക്‌സ്‌റ്റോണിന്റെ പിന്തുണ വിലമതിക്കാനാകാത്തതാണ്. എപാക്‌സിനൊപ്പം സുദീര്‍ഘമായ പ്രവര്‍ത്തനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാവല്‍ ബിസിനസ് അതിവേഗം ഡിജിറ്റലൈസേഷന്‍ സ്വീകരിക്കുന്നതിനാല്‍ കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങള്‍ വ്യത്യസ്തമാക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്നതില്‍ ഐബിഎസിന് സുപ്രധാന പങ്കു വഹിക്കാനാകുമെന്ന് ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണന്‍ പറഞ്ഞു. എപാക്‌സ് ഐബിഎസിന്റെ പ്രധാന പങ്കാളികളിലൊന്നായിരിക്കും. യഥാര്‍ഥ മൂല്യവും പങ്കാളിത്തവും സൃഷ്ടിക്കാന്‍ ഐബിഎസിനെ സഹായിച്ചതിന് ബ്ലാക്ക്‌സ്‌റ്റോണിന് നന്ദി പറയുന്നതായും ആനന്ദ് കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ട്രാവല്‍ സോഫ്റ്റ് വെയര്‍ മേഖലയില്‍ മുന്‍നിരയിലുള്ള ഐബിഎസുമായി പങ്കാളിയാകുന്നത് ആവേശകരമാണെന്ന് എപാക്‌സ് പാര്‍ട്ണര്‍ ജേസണ്‍ റൈറ്റ് പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി യാത്രാ വ്യവസായത്തിന് ഐടി പ്രൊഡക്ടുകളുടെ വൈപുല്യം വാഗ്ദാനം ചെയ്യുന്ന ഐബിഎസുമായുള്ള പങ്കാളിത്തത്തിലൂടെ വമ്പിച്ച വളര്‍ച്ചാ സാധ്യതയാണ് എപാക്‌സ് പ്രതീക്ഷിക്കുന്നത്. ട്രാവല്‍ ലോജിസ്റ്റിക്‌സ് സോഫ്റ്റ് വെയറിലെ ആഗോള നേതാവാകാന്‍ ഐബിഎസിനെ സഹായിക്കുന്നതിന് തങ്ങളുടെ സോഫ്റ്റ് വെയര്‍ അനുഭവം പ്രയോജനപ്പെടുത്താനാകുമെന്നും ജേസണ്‍ റൈറ്റ് പറഞ്ഞു.

ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സില്‍ ആഗോള നേതൃത്വമുള്ള സാസ് കമ്പനിയായി ഐബിഎസിന്റെ പരിവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിച്ചതില്‍ സന്തോഷമുണ്ടെന്ന് ബ്ലാക്ക്‌സ്‌റ്റോണിന്റെ ഏഷ്യ െ്രെപവറ്റ് ഇക്വിറ്റി മേധാവി അമിത് ദീക്ഷിത് പറഞ്ഞു. ഐബിഎസ് ഇതിനകം തന്നെ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ എന്റര്‍െ്രെപസ് സാസ് കമ്പനികളില്‍ ഒന്നാണ്. വി.കെ മാത്യൂസിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനും കുറ്റമറ്റ നിര്‍വ്വഹണത്തിന് ആനന്ദ് കൃഷ്ണനും മാനേജ്‌മെന്റിനും നന്ദി പറയുന്നതായും അമിത് ദീക്ഷിത് പറഞ്ഞു. ഇടപാട് പതിവ് ക്ലോസിംഗ് വ്യവസ്ഥകള്‍ക്ക് വിധേയവും 2023 ആദ്യപകുതിയോടെ അവസാനിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല.

ജെ.പി മോര്‍ഗന്‍ ഐബിഎസിന്റെയും ബ്ലാക്ക്‌സ്‌റ്റോണിന്റെയും സാമ്പത്തിക ഉപദേഷ്ടാവായും ഡ്ര്യൂ ആന്‍ഡ് നേപ്പിയര്‍ എല്‍.എല്‍.സി ഐബിഎസിന്റെ ലീഗല്‍ കൗണ്‍സിലായും സിംപ്‌സണ്‍ താച്ചര്‍ ആന്‍ഡ് ബാര്‍ട്ട്‌ലെറ്റ് എല്‍.എല്‍.പി ബ്ലാക്ക്‌സ്‌റ്റോണിന്റെ ലീഗല്‍ കൗണ്‍സിലായും പ്രവര്‍ത്തിക്കും. എപാക്‌സിനു വേണ്ടി കിര്‍ക്ലാന്‍ഡ് ആന്‍ഡ് എല്ലിസ് എല്‍.എല്‍.പി ലീഗല്‍ കൗണ്‍സിലും ജെഫെറീസ് എല്‍എല്‍സി സാമ്പത്തിക ഉപദേഷ്ടാവുമായി പ്രവര്‍ത്തിക്കും.