എ വി ഫര്‍ദിസ്
കോഴിക്കോട്: സി.ഐ.സിയുമായി സഹകരിക്കേണ്ടെന്ന മുന്‍ തീരുമാനം തിരുത്തി സമസ്ത. കഴിഞ്ഞ നവംബറിലാണ് കോഓര്‍ഡിനേഷന്‍ ഇസ്‌ലാമിക് കോളെജസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയുടെ എല്ലാഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ സമസ്ത കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചത്. തുടര്‍ന്ന് ഹക്കീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സി യുമായി ഇനി സഹകരിക്കുന്നതല്ലെന്നും സമസ്ത തീരുമാനിച്ചത്.
എന്നാല്‍ സി.ഐ.സി പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ സമസ്തയുമായി പിന്നീട് ചര്‍ച്ച നടത്തി. ഇതിന്റെ യടിസ്ഥാനത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് വാഫി, വഫിയ്യ സംവിധാനം പൂര്‍വോപരി ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടത് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചത്.
കൂടാതെ സമസ്തയുടെ നിര്‍ദേശമനുസരിച്ച് മുജാഹിദ് സമ്മേളനത്തില്‍ നിന്നടക്കം പങ്കെടുക്കാതെ സാദിഖലി ശിഹാബ് തങ്ങള്‍ മാറി നിന്നിരുന്നു. ഇതെല്ലാം സി.ഐ.സിയുമായും സാദിഖലി തങ്ങളുമായി കടുത്ത നിലപാട് എടുത്ത് പോകുന്നതില്‍ നിന്ന് പിന്‍ വാങ്ങുവാന്‍ സമസ്തയെ പ്രേരിപ്പിക്കുകയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പുതിയ പാഠ്യപദ്ധതിക്കു രൂപം നല്‍കി ദേശീയ തലത്തില്‍ വിദ്യാഭ്യാസ സംവിധാനം വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഇത് നടപ്പാക്കും. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം അനാശാസ്യ പ്രവണതകള്‍ എന്നിവ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതികളും മറ്റും ചര്‍ച്ച ചെയ്യുന്നതിന് സമസ്തയുമായി ബന്ധപ്പെട്ട ഭൗതിക വിദ്യാഭ്യാസ സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, വി മൂസക്കോയ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ വാക്കോട്, എ.വി അബ്ദുറഹിമാന്‍ മുസ്ല്യാര്‍, കെ.കെ പി അബ്ദുള്ള മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുള്ള ഫൈസി, എം.പി മുസ്തഫ ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാന്‍ ഫൈസി, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എന്‍ .അബ്ദുള്ള മുസ്‌ലിയാര്‍, പി.വി അബ്ദുസ്സലാം ദാരിമി എന്നിവര്‍ പങ്കെടുത്തു.