കല്പറ്റ: വയനാട്ടിലെ തുടര്‍വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ് ആവശ്യപ്പെട്ടു. 11,600 വിദ്യാര്‍ത്ഥികള്‍ തുടര്‍വിദ്യാഭ്യാസ യോഗ്യത നേടിയ ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 7,950 സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. സംസ്ഥാനാടിസ്ഥാനത്തില്‍ കണക്കുകള്‍ നിരത്തി യാഥാര്‍ത്യത്തിനു നേരെ കണ്ണടക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതരും വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളും നെട്ടോട്ടമോടുന്ന വൈരുദ്ധ്യ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വടക്കന്‍ ജില്ലകളിലെ സീറ്റ് ക്ഷാമം പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും അധിക ബാച്ചുകള്‍ അനുവദിക്കുകയും തെക്കന്‍ ജില്ലകളിലെ പഠിതാക്കളില്ലാത്ത ബാച്ചുകള്‍ വടക്കന്‍ ജില്ലകളിലേക്ക് മാറ്റുകയും ചെയ്യണമെന്ന് സമിതിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാറിനനോട് ശിപാര്‍ശ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ വര്‍ഷാവര്‍ഷം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ക്ലാസ്സ്മുറികള്‍ കുടുസ്സുമുറികളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പുതിയ ബാച്ചുകള്‍ അനുവദിച്ച് ശാശ്വത പരിഹാരം കാണുന്നതിന് പകരം മുപ്പത് ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കാനും മുമ്പ് അനുവദിച്ച താല്‍ക്കാലിക ബാച്ചുകള്‍ തുടരാനുമുള്ള സര്‍ക്കാര്‍ തീരുമാനം ജില്ലയില്‍ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് വഴിയൊരുക്കും. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വയനാട് ആദിവാസി മേഖലയാണെന്നും സയന്‍സ് ബാച്ചുകള്‍ ആവശ്യമില്ലെന്നുമുള്ള വകുപ്പു മന്ത്രിയുടെ പ്രസ്താവന പരസ്യമായ അധിക്ഷേപവും അവഗണനയുമാണ്. ജില്ലയോടുള്ള സര്‍ക്കാര്‍ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മന്ത്രി മാപ്പു പറയണമെന്നും ജില്ലയില്‍ ആവശ്യമായ പുതിയബാച്ചുകള്‍ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അഡ്വ. കെ എ അയ്യൂബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.