കല്പറ്റ: ജില്ലാ ആസ്ഥാനം മാറുകയാണ്. വൃത്തിയും വെടിപ്പുമില്ലാത്ത നഗരത്തില്‍ നിന്ന് ഭംഗിയും ചാരുതയുമുള്ള നഗരത്തിലേക്ക്. തുനിഞ്ഞിറങ്ങിയാന്‍ എല്ലാം നടക്കുമെന്ന സന്ദേശമാണ് കല്പറ്റ ഇതിലൂടെ നല്‍കുന്നത്. നഗരസഭ സെക്രട്ടറിയായി അലി അഷ്‌കര്‍ ചാര്‍ജ് എടുത്തതോടെയാണ് നഗര സൗന്ദര്യത്തില്‍ മാറ്റത്തിന് ഗതിവേഗം കൂടിയത്. ഇന്ന് കേരളത്തില്‍ മറ്റേത് നഗത്തെ എടുത്താലും കല്പറ്റ മുന്നില്‍ തന്നെയാണ്.
ഒഴിഞ്ഞു കിടക്കുന്ന ചുമരുകളിലും മതിലുകളിലും പാലങ്ങളിലുമെല്ലാം ചുമരെഴുത്തുകളും പോസ്റ്ററുകളും നിറഞ്ഞ് ഏത് നഗരത്തേയും അഭംഗിയുള്ളതാക്കും. എന്നാല്‍ കല്പറ്റയില്‍ ഇത്തരം ഒഴിഞ്ഞ ചുമരുകളും മതിലുകളുമാണ് ഇപ്പോള്‍ നഗര ഭംഗി കൂട്ടുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ നഗരസഭ സെക്രട്ടറിയും. ആര്‍ജവത്തോടെ ഒരു ഉദ്യോഗസ്ഥന്‍ തുനിഞ്ഞിറങ്ങിയാല്‍ നടപ്പാകാത്തതായി ഒന്നുമില്ലെന്ന് അലി അഷ്‌കര്‍ ഇവിടെയും തെളിയിച്ചു.
നേരത്തെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ സെക്രട്ടറിയായിരിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി അവിടം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ സംസ്ഥാനത്തെ മികച്ച നഗരസഭ സെക്രട്ടറിക്കുള്ള അവാര്‍ഡ് നേടിയാണ് ഇദ്ദേഹം കല്പറ്റയിലേക്കെത്തിയത്.
കല്പറ്റയിലെ നഗരം ചിത്രങ്ങളും പൂക്കളും നിറഞ്ഞതാക്കുന്നതിന് തന്നാലാവുന്നത് ചെയ്യാന്‍ അദ്ദേഹം നേരിട്ട് തന്നെ രംഗത്തിറങ്ങി. ഗ്രീന്‍ വൈല്‍ഡ് ലൈഫ് ലവേഴ്‌സ് ഫോറവുമായി കൈകോര്‍ത്ത അഷ്‌കര്‍ അവരിലൊരാളായി നിന്ന് നഗരത്തെ ചിത്രങ്ങള്‍ നിറഞ്ഞതാക്കാന്‍ ബ്രഷുമായി രംഗത്തിറങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ ഗുണമേന്മയും ഭംഗിയുമുള്ള ചിത്രങ്ങള്‍ നഗരത്തിലെ ഒഴിഞ്ഞ ചുമരുകളിലും മതിലുകളിലും നിറയുകയും ചെയ്തു. നഗരത്തിലെത്തുന്ന ആരുടേയും മനം കവരുന്ന ഇടമായി കല്പറ്റ ഇതോടെ മാറുകയും ചെയ്തിട്ടുണ്ട്.