തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധിയായി നിയമിച്ച കെ വി തോമസിന് മാസം ഒരുലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓണറേറിയമായാണ് ഒരു ലക്ഷം നല്‍കുന്നത്. ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരമായി ഓണറേറിയമായാണ് ഒരുലക്ഷം നല്‍കുക. കൂടാതെ രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ കെ വി തോമസിന് നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയമതിനായ കെ വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാല്‍ മതിയെന്നും കാണിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തോമസിന്റെ കത്ത് പൊതുഭരണ വകുപ്പ് തുടര്‍ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ഓണറേറിയം അനുവദിച്ചത്. പണമില്ലാതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍പ്പെടുന്ന സമയത്താണ് കെ വി തോമസിന് ഓണറേറിയമായി പ്രതിമാസം ഒരുലക്ഷം രൂപ നല്‍കുന്നത്.