80 ലോക്‌സഭാ സീറ്റുകളുള്ള യു പിയില്‍ അഖിലേഷിനു കാലിടറുമോ? RLDയെ SP-യില്‍ നിന്നും അകറ്റാനുള്ള BJP തന്ത്രങ്ങള്‍ ഫലിക്കുമോ?

Opinions

യു പി കത്ത് / ഡോ.കൈപ്പാറേടന്‍

80 ലോക്‌സഭാ സീറ്റുകളുള്ള യു പിയിലെ എസ്പി ആര്‍എല്‍ഡി സഖ്യത്തില്‍ ചിന്താക്കുഴപ്പവും സംഘര്‍ഷവുമുണ്ടാക്കാനുള്ള ബി ജെ പി നീക്കത്തിനു തടയിടാനും അണികളെ ശാന്തരാക്കാനും ഇരുപാര്‍ട്ടികളുടേയും നേതാക്കളായ അഖിലേഷ് യാദവും ജയന്ത് ചൗധരിയും ശ്രമങ്ങളാരംഭിച്ചു.

യുപി തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പു പരാജയവും 2024 ലെ തന്ത്രവും ചര്‍ച്ച ചെയ്യാന്‍ മീററ്റില്‍ ചേര്‍ന്ന ആര്‍ എല്‍ ഡി അവലോകന യോഗത്തില്‍ എസ് പിയുമായുള്ള സഖ്യം തുടരുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ രോഷം അണപൊട്ടിയൊഴുകിയിരുന്നു.

ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി രാഷ്ട്രീയ ലോക്ദള്‍ സഖ്യം കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ അപ്രതീക്ഷിത തിരിച്ചടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രതീക്ഷയില്‍ വലിയ കരിനിഴലാണ് വീഴ്ത്തിയതെന്നു പറയാതെ വയ്യ. അതേസമയം എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും ആര്‍എല്‍ഡി തലവന്‍ ജയന്ത് ചൗധരിയുടെയും അനുയായികള്‍ തോല്‍വിയുടെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തുന്നത് വലിയ വാര്‍ത്താപ്രാധാന്യം നല്‍കി ഊതിക്കത്തിച്ചു മുതലെടുക്കുകയാണ് കാവി മാദ്ധ്യമങ്ങള്‍.

ലഖ്‌നൗവിലും ഡല്‍ഹിയിലും വരെ ഇരു പാര്‍ട്ടികളുടേയും സാധാരണ പ്രവര്‍ത്തകര്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഈ രീതിയില്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ മുന്നോട്ടു പോകുന്നത് ബിജെപിക്ക് നേട്ടമാകുമെന്ന് തിരിച്ചറിയുന്ന ടജഞഘഉ നേതാക്കളെ ഇത് കുറച്ചാെന്നുമല്ല അസ്വസ്ഥരാക്കുന്നത്. ആര്‍ എല്‍ ഡി സംസ്ഥാന അധ്യക്ഷന്‍ റാം ആശിഷ് റായിക്ക് എസ്പിയോട് പണ്ടു മുതലേ അതൃപ്തിയാണ്. ഇത് മുന്നില്‍ക്കണ്ട് എരിതീയില്‍ എണ്ണയൊഴിക്കാന്‍ ആഖജ നേതാക്കള്‍ നന്നായി ശ്രമിക്കുന്നുമുണ്ട്.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്പിയെ മാത്രമല്ല, സഖ്യത്തിന്റെ കെട്ടുറപ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണ് സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍. മീററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡിയുടെ മിക്ക സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതാണ് അവരുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ RLD നേതാക്കള്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തിയതു കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ചില എസ്പി എംഎല്‍എമാര്‍ ആരോപിക്കുന്നു.

ആര്‍എല്‍ഡിയാകട്ടെ ഇതു നിഷേധിക്കുകയും SP എംഎല്‍എമാരായ ഷാഹിദ് മന്‍സൂര്‍, ഹാജി റഫീഖ് അന്‍സാരി എന്നിവരുടെ പേരെടുത്തു പറഞ്ഞ് ഇവരാണ് എഐഎംഐഎമ്മിന് വേണ്ടി പ്രചാരണം നടത്തിയതെന്ന് തിരിച്ചടിക്കുകയും ചെയ്തു. ഈ MLA മാരാണ് RLD സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് കാരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഈ സംഘര്‍ഷാവസ്ഥ തുടര്‍ന്നാല്‍ 2024ല്‍ പാര്‍ട്ടി തലവന്‍ ജയന്ത് ചൗധരിക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രതിഷേധിക്കുന്ന RLD നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. മീററ്റ് മേയര്‍ തിരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. RLD പറയുന്നതില്‍ ചില വാസ്തവങ്ങള്‍ ഇല്ലാതില്ല. മീററ്റില്‍, സിറ്റിംഗ് എംഎല്‍എയായ അതുല്‍ പ്രധാന്റെ ഭാര്യ സീമ പ്രധാനെയാണ് എസ്പി നേതൃത്വം മേയര്‍ സ്ഥാനത്തേക്കു നാമനിര്‍ദ്ദേശം ചെയ്തത്. ഇതിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അന്നു തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ സീമ പ്രധാന് മുസ്ലീം വോട്ടുകള്‍ ഏതാണ്ടു പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എഐഎംഐഎമ്മിന്റെ മുഹമ്മദ് അനസിനും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി അവര്‍ ദയനീയമായി തോറ്റു. ബിജെപിയുടെ ഹരികാന്ത് അലുവാലിയ ഈ കൂട്ടയടിയ്ക്കിടെ അനായാസം വിജയിച്ചു കയറുകയും ചെയ്തു.

മേയര്‍ തെരഞ്ഞെടുപ്പില്‍ സീമ പ്രധാനെ പരാജയപ്പെടുത്താന്‍ വിമത നേതാക്കള്‍ SP യുടെയും RLD യുടെയും നിരവധി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികളെ കാലുവാരി തോല്‍പ്പിച്ചു എന്നത് ഒരു സത്യം തന്നെയാണ്. ഇങ്ങനെ തോല്‍പ്പിക്കപ്പെട്ട ഞഘഉ നേതാക്കളാണ് സഖ്യം ഉപേക്ഷിക്കണമെന്ന ആവിശ്യമുയര്‍ത്തുന്നത്.

എന്നാല്‍ ഈ അതൃപ്തിയെല്ലാം ക്ഷണികമാണെന്നും 2024 ആവുമ്പോഴേക്കും അതെല്ലാം ഇല്ലാതാവുമെന്നും ആര്‍എല്‍ഡിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ഒറ്റപ്പെട്ട ചിലയിടങ്ങളിലെ തോല്‍വിക്ക് സഖ്യകക്ഷിയെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രാദേശിക സംഭവങ്ങള്‍ വിശാലമായ രാഷ്ട്രിയ ലക്ഷ്യങ്ങളെ ബാധിക്കാന്‍ പാടില്ലെന്നും അണികളെ ബോദ്ധ്യപ്പെടുത്താന്‍ ഞഘഉ നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

എന്നാല്‍ എസ്പി സഖ്യത്തിലെ ചേരിപ്പോരില്‍ എണ്ണയൊഴിച്ചു തീകത്തിക്കാന്‍ കാവിപ്പത്രങ്ങളും അവരെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയാകളും ആവുന്നത്ര പണിയെടുക്കുന്നുണ്ട്. RLD സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള എസ്പി നേതാക്കളുടെ വീഡിയോ വൈറലാക്കിയും അതിനെതിരെയുള്ള RLD നേതാക്കളുടെ പ്രതികരണങ്ങള്‍ പൊലിപ്പിച്ചെഴുതിയും അഭ്യൂഹങ്ങള്‍ പരത്തിയും അവര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്.

സഖ്യത്തില്‍ വിള്ളലുണ്ടായാല്‍ 80 ലോക്‌സഭാ സീറ്റുകളുള്ള UP യില്‍ എസ്പിക്കു മുന്നില്‍ 2024 വലിയ വെല്ലുവിളിയാവുമെന്നതില്‍ സംശയമില്ല. സഖ്യകക്ഷികള്‍ക്കിടയിലുണ്ടായിട്ടുള്ള പിരിമുറുക്കം അവസാനിപ്പിക്കാനും BJP യുടെ പ്രകോപനപരമായ പ്രചാരണങ്ങളില്‍ പെട്ടുപോകാതെ കോപാകുലരായ പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താനും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിക്കാനും ഇരുകൂട്ടരും കൊണ്ടു പിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്.