കോഴിക്കോട്: മൂന്നുവര്‍ഷത്തിലധികമായി കോഴിക്കോട് ആശാഭവനിലെ അന്തേവാസിയായിരുന്ന മോട്ടു നായിക് വീടണഞ്ഞു. ഒഡിഷ സ്വദേശിയായ മോട്ടുനായ്ക്കിനെ ബന്ധുക്കളെത്തി സ്വദേശത്തേക്ക് കൊണ്ടുപോയി.
വീടുവിട്ടിറങ്ങിയ ശേഷം അലഞ്ഞുതിരിഞ്ഞു ആശാഭവനിലെത്തിയ മോട്ടു നായിക്കിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. തുടക്കത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്ന മോട്ടു തന്റെ മാനസിക നില ഭദ്രമായതിനു ശേഷം ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ആകെ ഒഡിയ ഭാഷ മാത്രം അറിയാവുന്ന മോട്ടുവിനെ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യങ്ങള്‍ മനസിലാക്കാന്‍ പരിശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകനായ ശിവന്‍ കോട്ടൂളിയുടെ സഹായത്തോടെ ഒഡിഷയിലെ ഖുര്‍ദ ജില്ലക്കാരനാണ് മോട്ടു എന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് പൊലീസ് മുഖേന വീട്ടുകാരെ കണ്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കുകയുമായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബാംഗമായ മോട്ടു നായിക് ജോലി ആവശ്യാര്‍ത്ഥമാണ് വീടുവിട്ടിറങ്ങി ബാംഗ്ലൂരില്‍ എത്തിയത്. അവിടെ നിന്നും കാണാതാവുകയായിരുന്നു. നാട്ടില്‍ ഭാര്യയും രണ്ടു മക്കളും അടങ്ങിയ മോട്ടുവിന്റെ കുടുംബം ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മോട്ടുവിനെ കൊണ്ടുപോകാനായി ആശാഭവനില്‍ ഭാര്യ ആശ, ഭാര്യാ പിതാവ് നകുല ബാലെ, സുഹൃത്തായ സുജിത് എന്നിവരാണ് എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ച്ച വികാര നിര്‍ഭരമായിരുന്നു. നാട്ടിലേക്ക് മടങ്ങിയ കുടുംബത്തെ ആശാഭവന്‍ സൂപ്രണ്ട് ചുമതല വഹിക്കുന്ന മുഹമ്മദ് ജാബിര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളി, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.