ഒഡീഷ ട്രെയിന്‍ ദുരന്തം: മരണം 233 കടന്നെന്ന് ഒദ്യോഗിക സ്ഥിരീകരണം

India

ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണ സംഖ്യ 233 ആയതായി ഔദ്യോഗിക കണക്ക്. അതേസമയം ഇനിയും മരണ സംഖ്യ കൂടുമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ തകര്‍ന്ന ഒരു ബോഗിയിലുള്ളവരെ ഇനിയും പുറത്തെടുക്കാനുണ്ട്. പൂര്‍ണമായി തകര്‍ന്ന് കിടക്കുന്ന ബോഗിയാണിത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഈ ബോഗി മുറിച്ച് അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ഇത്തരത്തില്‍ തെറിച്ചുവീണ ബോഗിയുടെ മുകളിലേക്ക് മറ്റൊരു ബോഗികൂടെ തെറിച്ചുവീണതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. മൂന്ന് കോച്ചൂകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞിട്ടുണ്ട്.

ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്‌സ്പ്രസ് ചെന്നൈലേക്ക് പറപ്പെട്ടത്. ട്രെയിന്‍ ബഹനാഗ സ്‌റ്റേഷന് സമീപമാണ് പാളം തെറ്റിയത്. 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂര്‍ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു.