100 ഐ സി യു ബെഡ്ഡുകളുമായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളെജ്

Wayanad

മേപ്പാടി: ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളെജില്‍ ഐ സി യു ബെഡ്ഡുകളുടെ എണ്ണം നൂറായി ഉയര്‍ത്തിയതായി ആശുപത്രി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അത്യാഹിത വിഭാഗം, തീവ്ര പരിചരണം, സ്‌നേക് ബൈറ്റ് ആന്റ് ടോക്‌സിക് ഐ സി യു, സ്റ്റെപ് ഡൗണ്‍ ഐ സി യു എന്നിവയിലായാണ് ഐ സി യു ബെഡ്ഡുകളുടെ എണ്ണം നൂറായി ഉയര്‍ത്തിയത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നോര്‍ത്ത് കേരള ക്രിറ്റിക്കല്‍ കെയര്‍ ഡയറക്ടറായി ഡോ അനൂപ് കുമാര്‍ ചുമതലയേറ്റതായും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വയനാട്ടില്‍ ദിനംപ്രതി തീവ്രപരിചരണ വിഭാഗത്തിന്റെ ആവശ്യകത കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളെജില്‍ ഐ സി യു ബഡ്ഡുകളുടെ എണ്ണം 100 ആയി ഉയര്‍ത്തിയത്. ഇതോടെ വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഐ സി യു ബഡ്ഡുകളുള്ള ആശുപത്രിയായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളെജ് മാറി.

കേരളത്തില്‍ നിപ്പ രോഗ നിര്‍ണ്ണയത്തിലും തുടര്‍ന്നുള്ള രോഗ നിയന്ത്രണത്തിലും ഡോ അനൂപ് കുമാറിന്റെയും വിദഗ്ധരായ അദ്ദേഹത്തിന്റെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റേയും മേല്‍നോട്ടവും സഹകരണവും ഇനിമുതല്‍ ഇവിടുത്തെ തീവ്രപരിചരണ വിഭാഗത്തിന് ലഭിക്കും.

പുതുതായി ആരംഭിക്കുന്ന അത്യാഹിത തീവ്രപരിചരണ വിഭാഗം, സ്‌നേക് ബൈറ്റ് ആന്റ് ടോക്‌സിക് ഐ സി യു, സ്റ്റെപ് ഡൗണ്‍ ഐ സി യു എന്നിവയുടെ ഉദ്ഘാടനം കല്പറ്റ എം എല്‍ എ ടി സിദ്ദീഖ് വയനാട് ജില്ലാകലക്ടര്‍ ഡോ രേണു രാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ജൂണ്‍ 14ന് നടക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡീന്‍ ഡോ ഗോപകുമാര്‍ കര്‍ത്ത, ആസ്റ്റര്‍ നോര്‍ത്ത് കേരള ക്രിറ്റിക്കല്‍ കെയര്‍ ഡയറക്ടര്‍ ഡോ അനൂപ് കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ അരുണ്‍ അരവിന്ദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.