കാസര്‍കോട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകയായ വിദ്യയെ ഇനിയും പിടികൂടാനായില്ല. അതേ സമയം അന്വേഷണ സംബന്ധമായ എല്ലാ കാര്യങ്ങളും വിദ്യ അറിയുന്നുമുണ്ട്. പൊലീസ് എത്തുമെന്ന് കണ്ട് വിദ്യയുടെ വീട്ടുകാരും അവിടെ നിന്നും മാറിയിരുന്നു. പൊലീസ് വിദ്യയുടെ ബന്ധുവിന്റെ സഹായത്തോടെ വീട് തുറന്ന് പരിശോധന നടത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെന്ന് തിരച്ചിലിനു ശേഷം അഗളി പൊലീസ് വ്യക്തമാക്കുകയും ചെയ്തു.
അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിച്ചു വന്നിരുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യയെ ചിലരുടെ സഹായത്തോടെ ഇവിടെ നിന്നും മാറിയിരുന്നു. പൊലീസ് പരിശോധനക്കെത്തുന്നതിന് തൊട്ടുമുമ്പായാണ് വീട്ടുകാരെയും വിദ്യയെ ഒളിവില്‍ താമസിപ്പിക്കുന്നവര്‍ ഇവിടെ നിന്നും മാറ്റിയത്. വ്യാജരേഖ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റാരോപിതയായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയെ പിടികൂടാന്‍ പൊലീസിന് കഴിയാത്തത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ നിയമനം നേടിയത്. എന്നാല്‍ അതേ സര്‍ട്ടിറിക്കറ്റുമായി അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിന് എത്തിയതോടെയാണ് വിദ്യ പിടിക്കപ്പെട്ടത്. ഈ കേസില്‍ തുടക്കം മുതല്‍ തന്നെ പൊലീസിന്റെ താത്പര്യക്കുറവ് വ്യക്തമായിരുന്നു.