അനന്തിരവനെ ഒതുക്കി ശരത് പവാര്‍, സുപ്രിയ സുലെ പിന്‍ഗാമി

Analysis

മഹാരാഷ്ട്രാ കത്ത് / ഡോ.കൈപ്പാറേടന്‍

NCP യുടെ നേതൃതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി ശരദ് പവാര്‍. വിമത ശബ്ദമുയര്‍ത്തി പാര്‍ട്ടി ഹൈജാക്ക് ചെയ്യാനൊരുമ്പെട്ട അനന്തിരവന്‍ അജിത് പവാറിനു മഹാരാഷ്ട്രയുടെ പോലും ഉത്തരവാദിത്തമില്ല. മഹാരാഷ്ട്രയുടെ പൂര്‍ണ്ണമായ സംഘടനാ ചുമതല ഇനി മുതല്‍ സുപ്രിയ സുലെയ്ക്ക്.

NCP ദേശീയ ഓഫീസിലെ വിശാലമായ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടിയുടെ 25ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ചടങ്ങിനിടെ സുപ്രിയ സുലെയെയും പ്രഫുല്‍ പട്ടേലിനെയും പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചതിലൂടെ ഒരു വെടിക്കു രണ്ട് പക്ഷികളെയാണ് ശരദ് പവാര്‍ വീഴിച്ചത്.

പല തവണ വിമതപ്രവണത കാണിച്ച അജിത് പവാറിന് എന്‍ സി പി അധ്യക്ഷന്‍ ഒരു വശത്തു വലിയ തിരിച്ചടി നല്‍കിയപ്പോള്‍ മറുവശത്ത് തന്റെ രാഷ്ട്രീയ പിന്‍ഗാമി മകള്‍ സുപ്രിയ ആയിരിക്കുമെന്ന അസന്നിഗ്ദമായ സന്ദേശവും പവാര്‍ തന്റെ അനുയായികള്‍ക്കു നല്‍കി. എന്‍സിപിയുടെ പൂര്‍ണ്ണമായ കമാന്‍ഡ് സുപ്രിയയ്ക്കു നല്‍കുന്നുവെന്ന് കൃത്യമായി സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ശരദ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

ഒപ്പം പ്രഫുല്‍ പട്ടേലിനെ രണ്ടാമനായി നിര്‍ദേശിച്ചതിലൂടെ അനന്തരവന്‍ അജിത് പവാറിന്റെ സ്ഥാനം അതിലും താഴെയാണെന്നും പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ സംഘടനാ തലത്തില്‍ അജിത് പവാര്‍ ഇനിമുതല്‍ ആരുമല്ലെന്നുംകൂടി തന്ത്രജ്ഞനായ ശരത്പവാര്‍ പറയാതെ പറഞ്ഞു വെച്ചു.

BJP യുടെ വലയില്‍ കുടുങ്ങിയെന്നു കരുതപ്പെടുന്ന അജിത്ത് പവാറിനെ എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയതിലൂടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് NCP അദ്ധ്യക്ഷന്‍.

പവാറിന്റെ തീരുമാനം അജിത് പവാറിന് വന്‍ തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം കേട്ട് അസ്വസ്ഥനായ അജിത് പവാര്‍ യോഗ നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഒന്നും പറയാതെ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. 2019ല്‍ താനുമായി ആലോചിക്കാതെ ബി ജെ പിയുമായി കൈകോര്‍ത്ത് ദേവേന്ദ്ര ഫഡ്‌നാവിസിനു കീഴില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതല്‍ അനന്തിരവന്‍ അജിത് പവാര്‍ പാര്‍ട്ടി അദ്ധ്യക്ഷന്റെ കണ്ണിലെ കരടായിരുന്നു.

സുപ്രിയ സുലെയ്ക്കും പ്രഫുല്‍ പട്ടേലിനും പവാര്‍ പുതിയ ചുമതലകള്‍ വീതംവെച്ചു നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ എന്‍ സി പി സംഘടനാ കാര്യങ്ങളും വനിതാ, യുവജന, വിദ്യാര്‍ഥി സംഘടനകള്‍, ലോക്‌സഭ എന്നിവയുടെ ചുമതലയും ഇനി മുതല്‍ സുപ്രിയയ്ക്കായിരിക്കും. ഇതു മൂലം അജിത് പവാറിന് ഭാവിയില്‍ പാര്‍ട്ടിയുടെ മഹാരാഷ്ട്രാ സംസ്ഥാനത്തെ രാഷ്ട്രിയ വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ അധിക ചുമതലയുള്ള സുപ്രിയയ്ക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും.

സുപ്രിയയെ മഹാരാഷ്ട്രയുടെ ചുമതലയേല്‍പ്പിക്കുന്നതിലൂടെ അജിത് പവാറിനൊപ്പം നില്‍ക്കുന്നവര്‍ക്ക് കൃത്യമായ സന്ദേശമാണ് പവാര്‍ നല്‍കുന്നത്. പ്രഫുല്‍ പട്ടേലിനെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഗോവ, രാജ്യസഭ എന്നിവയുടെ പാര്‍ട്ടി ചുമതലക്കാരനായിട്ടാണ് പവാര്‍ നിയമിച്ചി രിക്കുന്നത്.