നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശവുമായി മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ നടക്കും. കഴിഞ്ഞ ദിവസം തിരൂരില്‍ ചേര്‍ന്ന മുജാഹിദ് സമ്മേളന സംഘാടക സമിതി കോര്‍ കമ്മിറ്റി യോഗമാണ് അന്തിമ തീരുമാനമെടുത്തത്. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മളനത്തില്‍ ഏകദേശം അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തു നിന്നുമുള്ള അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതന്മാരും ചിന്തകരും എഴുത്തുകാരും പ്രഭാഷകരും സാമൂഹ്യ പ്രവര്‍ത്തകരും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികളില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കാനുള്ള കര്‍മ പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വര്‍ഗീയ തീവ്രവാദ ശക്തികള്‍ക്കെതിരെ വിശ്വമാനവിക സന്ദേശം പ്രചരിപ്പിക്കാനും പ്രാവര്‍ത്തിക്കമാക്കാനുമുള്ള പുതുതലമുറയെ ലക്ഷ്യം വെച്ച് വിപുലമായ പ്രചാരണ ബോധവത്കരണത്തിന് സമ്മേളനം തുടക്കം കുറിക്കും. മുസ്‌ലിം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ പങ്കാളിത്തം ക്രിയാത്മകമായി സാധിച്ചെടുക്കാനും സ്ത്രീകളുടെ അഭിമാനകരമായ അസ്തിത്വവും ധാര്‍മികമായ മുന്നേറ്റവും ലക്ഷ്യം വെച്ചും സ്ത്രീ ശാക്തീകരണ പദ്ധതികളും സമ്മേളനം ആവിഷ്‌കരിക്കും.
ശാസ്ത്ര സാങ്കേതിക വികാസം ശക്തിപ്പെട്ടിട്ടും വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ തേടും. ആത്മീയ തട്ടിപ്പുകാര്‍ക്കും ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ക്കുമെതിരില്‍ ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ വ്യാപകമായ സമര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും. കേരളത്തിലെ ഇസ്വ്‌ലാഹീ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറും വിധമാണ് സമ്മേളന പ്രോഗ്രാം തയ്യാറാക്കുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ അമ്പത് ലക്ഷം പേരിലേക്ക് ഇസ്‌ലാമിന്റെ വിശ്വമാനവിക സന്ദേശം നേരിട്ടെത്തിക്കാന്‍ പരിപാടിയുണ്ടാകും.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാലായിരത്തിലധികം ഗൃഹാങ്കണ സംഗമങ്ങള്‍ സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍, കിഡ്‌നി രോഗനിര്‍ണയ ക്യാമ്പുകള്‍, പുസ്തക മേളകള്‍ എന്നിവ നടത്തും. ഇതര മതവിഭാഗങ്ങളുമായി സൗഹാര്‍ദ്ദവും സഹവര്‍തിത്ത്വവും ശക്തമാക്കുന്നതിനായി റസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹ സംഗമങ്ങള്‍ നടത്തും. കലാ, കായിക വൈജ്ഞാനിക മത്സരങ്ങളും പ്രബന്ധ രചനാ മത്സരങ്ങളും നടത്തും. മത, രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വങ്ങളുടെ ഗെറ്റ്റ്റുഗതര്‍, സേവന പ്രവര്‍ത്തനങ്ങള്‍ ബോധവത്കരണ റാലികള്‍, പദയാത്രകള്‍, വാഹന സന്ദേശ പ്രയാണം തുടങ്ങി വിപുലമായ പദ്ധതികളാണ് സമ്മേളനത്തിന്റെ മുന്നോടിയായി ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല, മണ്ഡലം തലങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സര്‍ഗ വിരുന്നുകളും സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിക്കും.
സമ്മേളന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ തുടക്കം കുറിച്ച് ഈ വരുന്ന 23,24,25 തിയ്യതികളില്‍ സംസ്ഥാനത്തെ ആയിരത്തോളം കേന്ദ്രങ്ങളില്‍ ഇസ്വ്‌ലാഹീ എംപവര്‍മെന്റ് ഗാതറിംഗ് എന്ന പരിപാടി സംഘടിപ്പിക്കും. യോഗത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് ബാവഹാജി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി പി ഉമര്‍ സുല്ലമി ആമുഖ ഭാഷണം നടത്തി.
സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് ബാവഹാജിയില്‍ നിന്ന് സംഭാവന സ്വീകരിച്ച് സമ്മേളന ഫണ്ട് ഉദ്ഘാടനം കേരള ജംഇയത്തുല്‍ ഉലമ പ്രസിഡണ്ട് പ്രൊഫ. എ അബ്ദുല്‍ ഹമീദ് മദീനി നിര്‍വഹിച്ചു.
കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എം അഹ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, സി മമ്മു കോട്ടക്കല്‍, എം ടി മനാഫ്, പി പി ഖാലിദ്, ബി പി എ ഗഫൂര്‍, സഹല്‍ മുട്ടില്‍, സി ടി ആയിശ, പി ടി മജീദ് സുല്ലമി, എ ടി ഹസ്സന്‍ മദനി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ആദില്‍ നസീഫ്, ഡോ.അന്‍വര്‍ സാദത്ത്, സുഹൈല്‍ സാബിര്‍, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട് പ്രസംഗിച്ചു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി സമാപന പ്രസംഗം നടത്തി.
പത്രസമ്മേളനത്തില്‍ ഡോ. ഇ കെ അഹ്മദ്കുട്ടി (മുഖ്യ രക്ഷാധികാരി സംഘാടക സമിതി), പ്രൊഫ. എ അബ്ദുല്‍ ഹമീദ് മദീനി (പ്രസിഡണ്ട് കേരള ജംഇയ്യത്തുല്‍ ഉലമ), പാറപ്പുറത്ത് ബാവഹാജി (ചെയര്‍മാന്‍ സംഘാടക സമിതി), സി പി ഉമര്‍ സുല്ലമി (ജനറല്‍ കണ്‍വീനര്‍ സംഘാടക സമിതി), സി മമ്മു കോട്ടക്കല്‍ (വൈസ് പ്രസിഡണ്ട് കെ എന്‍ എം മര്‍കസുദ്ദഅ്‌വ), എം ടി മനാഫ് (സെക്രട്ടറി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ), ബി പി എ ഗഫൂര്‍ (സെക്രട്ടറി കെ എന്‍ എം മര്‍കസുദ്ദഅ്‌വ), റുക്‌സാന വാഴക്കാട് (ട്രഷറര്‍ എം ജി എം), ശരീഫ് കോട്ടക്കല്‍ (ട്രഷറര്‍ ഐ എസ് എം), നുഫൈല്‍ തിരൂരങ്ങാടി (വൈസ് പ്രസിഡണ്ട് എം എസ് എം), നൂറുദ്ദീന്‍ എടവണ്ണ (മീഡിയ കണ്‍വീനര്‍), നിഷിദ ഐ.ജി.എം സെക്രട്ടറി, മുഹമ്മദലി ചുണ്ടക്കാടന്‍ ഫിനാന്‍സ് കമ്മിറ്റി എന്നിവര്‍ പങ്കെടുത്തു.