ഹര്‍ഷിനയുടെ നീതിക്ക് വേണ്ടി വിമന്‍ ജസ്റ്റിസ് സംസ്ഥാന നേതാക്കളുടെ ഉപവാസ സമരം

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്റ് വയറ്റില്‍ കുടുങ്ങി അഞ്ചുവര്‍ഷം ദുരിത ജീവിതം നയിക്കേണ്ടിവന്ന ഹര്‍ഷിനക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിനു മുന്നില്‍ ആരംഭിച്ച രണ്ടാംഘട്ട സമരത്തിന്റെ ഇരുപത്തി അഞ്ചാം ദിവസം വിമന്‍ ജസ്റ്റിസ് സംസ്ഥാന നേതാക്കള്‍ സമരപ്പന്തലില്‍ ഉപവാസ സമരം നടത്തി.

രോഗിയെ അങ്ങേയറ്റം ദ്രോഹിക്കുന്ന ഞെട്ടിക്കുന്ന സംഭവമാണ് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായത്. രോഗിയടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന അശ്രദ്ധയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ പറഞ്ഞു. ഹര്‍ഷിനക്ക് ഇത്തരമൊരു ദുരിത ജീവിതം വിതച്ചതിന് ഉത്തരവാദി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ ആരോഗ്യമന്ത്രി തന്ത്രപൂര്‍വ്വം സമരപ്പന്തലിലെത്തി കപട വാഗ്ദാനം നല്‍കുകയായിരുന്നു എന്നാണ് വെളിവായിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹര്‍ഷിനക്ക് നീതി വേണമെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടിയെടുക്കണമെന്നും
അഞ്ച് വര്‍ഷത്തിലേറെയായി നരകയാതനയനുഭവിച്ചവള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫായിസ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി വീണജോര്‍ജ്ജ് തന്നെ പറ്റിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഹര്‍ഷിന വളരെ ദുര്‍ബലമായ ശാരീരികാവസ്ഥയിലും നീതിക്ക് വേണ്ടി വീണ്ടും തെരുവിലിറങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സമരത്തിന്റെ ഒന്നാമത്തെ ദിവസം മുതല്‍ ഹര്‍ഷിനക്കൊപ്പം തെരുവില്‍ തന്നെയുള്ള വിമന്‍ ജസ്റ്റിസ് രണ്ടാംഘട്ട സമരത്തിലും ഉറച്ച പിന്തുണ നല്‍കി കൂടെയുണ്ട്.

ചേര്‍ന്ന് നില്‍പ്പ് എന്ന തലക്കെട്ടില്‍ വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസയോടൊപ്പം സംസ്ഥാന ഭാരവാഹികളായ ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീച്ചര്‍, ഉഷ കുമാരി, സുബൈദ കക്കോടി, ഫസ്‌ന മിയാന്‍, സുഫീറ എരമംഗലം, സീനത്ത് കോക്കൂര്‍, ഫൗസിയ ആരിഫ്, രജിത മഞ്ചേരി, ലില്ലി ജയിംസ്, പ്രേമ ജി പിഷാരടി തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഉപവസിച്ചു.

വി. എ. ഫായിസ, ചന്ദ്രിക കൊയ്‌ലാണ്ടി, സുബൈദ കക്കോടി, ഉഷ കുമാരി, ഫസ്‌ന മിയാന്‍, സുഫീറ എരമംഗലം, സീനത്ത് കോക്കൂര്‍, ഫൗസിയ ആരിഫ്, രജിത മഞ്ചേരി, ലില്ലി ജയിംസ്, ബിന്ദു പരമേശ്വരന്‍, മുബീന വാവാട്, ദിനേഷ് പെരുമണ്ണ, കെ. സി. അന്‍വര്‍, മുബീന വാവാട് തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീകള്‍ ആരോഗ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്ത പരിപാടി ശ്രദ്ധേയമായിരുന്നു.