കേരള രാഷ്ട്രീയം വൃത്തികെട്ട സംസ്‌കാരത്തിലേക്ക് നീങ്ങുന്നുവെന്ന് കെ മുരളീധരന്‍

Kozhikode

കോഴിക്കോട്: കെ സുധാകരനെതിരെ എം വി ഗോവിന്ദന്‍ ഉന്നയിച്ച ആരോപണം കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി. കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെ.പി.സി.സി പ്രസിഡന്റിനെതിരെയാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. 2019ല്‍ പീഡനം നടന്നതായി പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കില്‍ അന്വേഷിക്കേണ്ടത് പോലീസല്ലേ.? പ്രതിപക്ഷമല്ലല്ലോ. ഇര പറയാത്ത പേരെങ്ങനെ ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്കെതിരെ ഏത് വൃത്തികെട്ട മാര്‍ഗ്ഗവും സ്വീകരിക്കുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഗോവിന്ദന്‍ എന്ന പേരിനൊപ്പം ഉള്ള മാഷ് എന്ന മാന്യമായ പദവിയെ വഷളാക്കരുത്. ഇതൊരു വൃത്തികെട്ട സംസ്‌കാരമാണ്. വിധിവന്ന കേസിലാണ് ആരോപണം. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്നു. ഇത് ഇവിടം കൊണ്ട് അവസാനിക്കില്ല. എം.വി.ഗോവിന്ദനെതിരെ നിയമനടപടി ഉള്‍പ്പെടെ പാര്‍ട്ടിയും സുധാകരനും സ്വീകരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങേേളാട് പറഞ്ഞു.