വിവാദം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുക ബി ജെ പിയുടെ സ്ഥിരം തന്ത്രം: ജെബി മേത്തര്‍ എം പി

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: വിവാദങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്ത് അതില്‍ നിന്നും നേട്ടം കൊയ്യുക എന്നതാണ് ബി ജെ പിയുടേയും മോദിയുടേയും സ്ഥരം തന്ത്രമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി. 2014 ടു ജി, അയോധ്യ തുടങ്ങിയവയായിരുന്നു വിവാദ വിഷയങ്ങള്‍. 2019 ല്‍ പുല്‍വാമ, അയോധ്യ എന്നിവയായി. ടു ജിയുടെയും പുല്‍വാമയുടെയും സത്യാവസ്ഥ പിന്നീട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഇത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. ഭിന്നിപ്പിക്കാനല്ലാതെ ഒന്നിപ്പിക്കാന്‍ ഇവര്‍ക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. മഹിള കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണ് ഏക സിവില്‍ കോഡ്. അതിനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രശ്‌നങ്ങളുമായി സംവദിക്കാന്‍ മോദി തയ്യാറുണ്ടോ? മന്‍കി ബാത്ത് അല്ല നേര്‍ക്ക് നേര്‍ സംഭാഷണത്തിന്. ഒമ്പത് വര്‍ഷമായിട്ടും പത്രക്കാരോടും പ്പോലും സംസാരിക്കാത്ത മോദി ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ പ്രധാനമന്ത്രിയാണ്. നമ്മുടെ പ്രധാനമന്ത്രി ഒരിക്കലും ഭീരു ആവരുതെന്നാണ് ഓരോ ഇന്ത്യാക്കാരനും ആഗ്രഹിക്കുന്നത്. മോദി ഏറ്റവും അധികം ഭയക്കുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. അതു കൊണ്ടാണ് കുതന്ത്രത്തിലൂടെ ലോക്‌സഭയില്‍ നിന്ന് ഒഴിവാക്കിയത്. ജനങ്ങളുടെ ഇടയില്‍ നിന്ന് രാഹുലിനെ ഒഴിവാക്കാന്‍ മോദിക്കാവില്ല. 52 ഇഞ്ചിന്റെ വീരവാദം പറയുന്ന മോദി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ മത്സരിക്കൂ കെട്ടിവച്ച കാശും പോകും കഴിഞ്ഞ തവണ കിട്ടിയ 78,000 വോട്ടും കിട്ടില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.