എ വി ഫര്‍ദിസ്
കോഴിക്കോട്: മതത്തിനും ജാതിക്കുമെല്ലാമപ്പുറമാണ് കലയുടെ സ്ഥാനമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ടാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പടിയിറങ്ങിയത്. ഭക്ഷണത്തിലും ആഘോഷങ്ങളിലും വസ്ത്രത്തിലുമെല്ലാം മതവും ജാതിയും തെരയുന്നവരായി സാക്ഷരകേരളത്തിലെ പൊതുസമൂഹം മാറുമ്പോഴാണ് ഈ കൗമാരവസന്തങ്ങളുടെ കാഴ്ചയെന്നതാണ് ഏറെ സന്തോഷവും അതിലേറെ കേരളം നമ്മുടെ രാജ്യത്തിന് നല്കുന്ന ഒരു പൊതുസന്ദേശവുമായി മാറുന്നതും.
ഹയര്‍സെക്കന്‍ഡറി മാപ്പിളപ്പാട്ട് മത്സരം എന്നു കേള്‍ക്കുമ്പോഴെ നമുക്കറിയാം ആരുടേതാണെന്ന്. എന്നാല്‍ തടിച്ചുകൂടിയ കാണികളെ പാട്ടുകൊണ്ട് സന്തോഷിപ്പിക്കുകയും ഉയര്‍ന്ന വിജയവും നേടിയ മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികളെ കേള്‍ക്കുമ്പോഴെ നാം കൂടുതല്‍ അത്ഭുതപ്പെടും. അഥര്‍വ ആര്‍ പി (എറണാകുളം, ആദിത്യകൃഷ്ണ ഡി. എസ് (തിരുവനന്തപുരം), ആന്ദ്രീയ സെലിന്‍ സജു (ഇടുക്കി), എം ദേവിക (പത്തനം തിട്ട), ഹെന്റിയ ബി സ്റ്റാലിന്‍ (കോഴിക്കോട്), ജിയാന്ന സാലേയ്ന്‍ ഹെറോള്‍ഡ് (ആലപ്പുഴ), നീളാ മഴ (കാസര്‍ക്കോട്), മാളവിക ശശികുമാര്‍ (കോട്ടയം) എന്നിവരാണ് എ ഗ്രെയ്ഡുകള്‍ നേടി മുന്നിട്ടു നിന്നത്. ആകെ പതിനഞ്ചുപേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. അതില്‍ ഏഴുപേര്‍ മാത്രമായിരുന്നു മാപ്പിളമാരില്‍ നിന്ന് മത്സരിക്കാനുണ്ടായിരുന്നത്.
കോഴിക്കോട്ടെ സാധാരണക്കാരുടെ കല്യാണവേദികളില്‍ നിന്ന് ജന്മം കൊണ്ട ഒപ്പനമത്സരവും ഇതേപോലെ ഒരുമയുടെ സന്ദേശം വാരിവിതറുന്നതായിരുന്നു. ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തിലെ സ്ഥിതിയും ഇതേപോലെ തന്നെയായിരുന്നു. ആവാന്തിക (പാലക്കാട്), ദേവീക ശ്രീജിത്ത് (തിരുവനന്തപുരം), കൃപാ ഗോപന്‍(കൊല്ലം), നന്ദന സത്യന്‍ (കാസര്‍ക്കോട്), നവ്യാരാജ് (മലപ്പുറം), പവിത്ര പി ആര്‍ (കൊല്ലം), പ്രിസ ജയന്‍(തൃശൂര്‍), തേജാ മോഹന്‍ദാസ് (കണ്ണൂര്‍), തേജശ്രീ (എറണാകുളം), അര്‍ച്ചന നന്ദ സുരേഷ്(ആലപ്പുഴ), ആക്‌സാ തോമ(പത്തനംതിട്ട), ഗോപിക (തിരുവനന്തപുരം), വൈഷ്ണവി ജയചന്ദ്രന്‍ (കോഴിക്കോട്) എന്നിവര്‍ ടീ ലീഡര്‍മാരായി നയിച്ച ടീമുകളായിരുന്നു. 23 ടീമുകളാണ് ആകെ ഇതില്‍ മത്സരിച്ചത്.
ആണ്‍കുട്ടികളുടെ ഒപ്പന മത്സരമായ വട്ടപ്പാട്ട് മത്സരത്തിലെയും ഹൈസ്‌കൂള്‍ ഒപ്പന മത്സരഫലവും ഇതു ശരിവെക്കുന്നതു തന്നെയായിരുന്നു. ഹയര്‍സെക്കന്‍ഡറി സംസ്‌കൃത ഉപന്യാസ മത്സരത്തിലെ മൂന്നു എ ഗ്രെയ്ഡ് വിജയികള്‍, അലീനാ ജോയ്(തിരുവനന്തപുരം), ആന്‍ മരിയാ റോയ് (വയനാട്), അലീനാ ഫ്രാന്‍സിസ് (എറണാകുളം) എന്നിവരായിരുന്നു. ഉത്തരേന്ത്യയിലെത്തിയാല്‍ മുസ്‌ലിങ്ങള്‍ക്ക് ഉറുദുവറിയില്ലെങ്കില്‍ ആളുകള്‍ അത്ഭുതത്തോടെ നോക്കും. എന്നാല്‍ ഹയര്‍സെക്കന്‍ഡറി ഗസല്‍ ആലാപന മത്സരത്തില്‍ പങ്കെടുത്ത പതിനഞ്ചുപേരില്‍ ഒന്‍പതുപേരും അമുസ്‌ലിംങ്ങളായിരുന്നു.
ഇതുപോലെ തന്നെയാണ് മാര്‍ഗം കളിയില്‍ ഗ്രെയ്ഡ് നേടിയ ഹസീന, ചെണ്ടമേളത്തില്‍ ഗ്രെയ്ഡ് നേടിയ അലന്‍ ജോസഫ്, അറബിക് പദ്യ ചൊല്ലലിലെ വിജയിയായ ജോവന്നാ വിന്‍സെന്റ്, കഥകളി സംഗീതത്തിലെ ഷയാന്‍ അഹമ്മദ്, യക്ഷഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയ സില്‍വര്‍ ഹില്‍സ് ടീമിനെ നയിച്ചത് ആയിഷാ സെബയായിരുന്നു.
കേരളത്തിലെ ക്രൈസ്തവ പൗരാണിക കലയായ ചവിട്ടു നാടകത്തില്‍ ഇടുക്കി ടീമിനെ നയിച്ചത് മീരാ അഫ്രിനും കോഴിക്കോട് ടീമിനെ നയിച്ചത് ഫാത്തിമാ നുറിനുമായിരുന്നു. ഹയര്‍സെക്കന്‍ഡറി ചവിട്ടു നാടകത്തില്‍ വിവിധ ജില്ലകള്‍ക്ക് ഒന്നാം സ്ഥാനം നേടുവാന്‍ ലീഡര്‍മാരായി നിന്നത്, അക്ഷര, ആനാമിക സന്തോഷ്, പവിത്ര ആര്‍.രാജ്, ശീലക്ഷ്മി, കെ. വൈഷ്ണവി എന്നിവരായിരുന്നു. ഹയര്‍സെക്കന്‍ഡറി ചെണ്ടമേളത്തിനു വയനാടിനെ നയിച്ച് വിജയത്തിലെത്തിച്ച ടീം ക്യാപ്റ്റന്‍ അലന്‍ ജോസഫായിരുന്നു.
ഭരതനാട്യത്തില്‍ തിരുവനന്തപുരം ജില്ലയെ പ്രതിനിധികരിച്ചെത്തി എ ഗ്രെയ്ഡ് നേടിയ എസ്. ജലാലുദ്ദീന്‍ തുടങ്ങി നിരവധി മത്സരങ്ങളുടെ ഫലങ്ങള്‍ പരതുമ്പോള്‍, ഇതു പോലെ നൂറുകണക്കിന് കൗമാര കലാ പ്രതിഭകള്‍ ഏക സ്വരത്തില്‍ കേരളത്തിനോട് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയായിരുന്നു.
എന്ത് അതിര്‍വരമ്പുകള്‍ ആരും കെട്ടിയാലും അതിനപ്പുറത്തേക്ക് നമ്മുടെ കലകള്‍ സ്വയം സഞ്ചരിക്കുമെന്നതും അതിനുള്ള വേദിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്നതും.