നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
പാലക്കാട്: ജില്ലയില്‍ നെല്ലു സംഭരണം യഥാസമയം നടത്താത്തതിനാലും സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതിനാലും കടക്കെണിയിലായ ജില്ലയിലെ അമ്പതിനായിരത്തോളം നെല്‍കര്‍ഷകരെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ RJD ഇന്നുനടത്തുമെന്നു പ്രഖ്യാപിച്ച നെല്‍ക്കര്‍ഷക അനുകൂല ആത്മാഹുതി സമരം പൊളിക്കാന്‍ കരുതല്‍ തടങ്കല്‍ നിയമ പ്രകാരം പ്രവര്‍ത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ജില്ലയിലെ പ്രമുഖ RJD നേതാക്കളെല്ലാം ഇന്നലെ രാത്രി മുതല്‍ കരുതല്‍ തടങ്കലിലാണ്.
പാലക്കാട്ടെ നെല്‍കൃഷിക്കാര്‍ കുറെ കൊല്ലങ്ങളായി അനുഭവിച്ചുവരുന്ന കഷ്ടപ്പാടുകള്‍ വളരെ വലുതാണ്. സംഭരിക്കുന്ന നെല്ലിന്റെ വില കര്‍ഷകനു കൊടുക്കുന്നത് മാസങ്ങള്‍ വൈകിക്കുന്നതിന് ന്യായീകരണം ഒട്ടുമില്ല. രണ്ടാം വിളയുടെ വില പാലക്കാട് ജില്ലയില്‍ മാത്രം 50000 ത്തോളം കര്‍ഷകര്‍ക്കു കിട്ടാനുണ്ട്. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വിലയായി ഇവര്‍ക്ക് കിട്ടേണ്ടതുക കഴിഞ്ഞ നാലു മാസ മായി നല്‍കിയിട്ടില്ല. അതേ സമയം കര്‍ഷകന്റെ നെല്ല് സര്‍ക്കാരില്‍ നിന്നു വാങ്ങി കൊണ്ടുപോയ മില്ലുകാര്‍, ഒരാഴ്ച കൊണ്ട് അത് അരിയാക്കി മാര്‍ക്കറ്റില്‍ വിറ്റ് പണമാക്കിക്കഴിഞ്ഞു.
മൂന്നുമാസം കൊണ്ട് സര്‍ക്കാരിനു തിരികെ അരികൊടുക്കണമെന്ന നിബന്ധന പാലിക്കാനായി അഞ്ചെട്ടുമാസം കഴിയുമ്പോള്‍, ആന്ധ്രയില്‍ നിന്ന് രണ്ടാംകിട അരി കൊണ്ടുവന്ന് പോളീഷ് ചെയ്തു കേരള സര്‍ക്കാരിനു തിരികെക്കൊടുത്തു ബാദ്ധ്യത നിറവേറ്റുകയാണ് മില്ലുകാര്‍ സാധാരണ ചെയ്യുന്നത്. ആയിരക്കണക്കിനു കോടി രൂപ ഇത്തരത്തില്‍ തിരിമറി നടത്താന്‍ മില്ലുകാര്‍ക്കു സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണിക്കിലൂടെയെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജോണ്‍ ജോണ്‍ ആരോപിച്ചു.
നൂറുകണക്കിനു കോടി രൂപ കൊള്ള ലാഭം എടുക്കുകയാണ് മില്ലുകാര്‍. നഷ്ടവും ദുരിതവും നെല്‍കൃഷിക്കാരുടെ തലയില്‍ കെട്ടിവെക്കപ്പെടുകയാണ്. ഇതില്‍ പ്രതിഷേധിച്ച് നെല്‍കൃഷിക്കാരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടനടി നല്‍കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് ബുധനാഴ്ച കാലത്ത് 10 മണിക്കു ആത്മാഹുതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഈ സമര പോരാട്ടം തടയാനെന്ന പേരില്‍ ഇന്നു പുലര്‍ച്ചെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിനു പാര്‍ട്ടി നേതാക്കളെ, പാലക്കാട് ടൗണ്‍ സൗത്ത്, നെല്ലിയാമ്പതി, കോങ്ങാട്, കല്ലടിക്കോട്, ഒറ്റപ്പാലം, പുതുനഗരം പോലീസ് സ്‌റ്റേഷനുകളില്‍ അറസ്റ്റു ചെയ്ത് തടങ്കലില്‍ വെച്ചിരിക്കുകയാണ്. കൂടാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ധാരാളം കര്‍ഷകരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തടഞ്ഞു വെക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
അമ്പതിനായിരം നെല്‍കൃഷിക്കാര്‍ക്കു സംഭരിച്ച നെല്ലിന്റെ വില നല്‍കാത്ത കേരള സര്‍ക്കാര്‍ കര്‍ഷകരുടെ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതന്ന് ജോണ്‍ ജോണ്‍ ആരോപിച്ചു. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ ക്രൂരമായ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകര്‍ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുമെന്ന് ജോണ്‍ ജോണ്‍ അറിയിച്ചു.