പ്രശ്‌നങ്ങള്‍ തീവ്രമല്ലെന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്നതും അത് ജനം വിശ്വസിക്കുന്നതുമാണ് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നം: ഡോ. വി ശിവദാസന്‍ എം പി

Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല റിസേര്‍ച്ചേഴ്സ് ഫെസ്റ്റിന്റെ മൂന്നാം ദിവസത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഡോ. വി ശിവദാസന്‍ എം പി നിര്‍വഹിച്ചു. ‘ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസവും വെല്ലുവിളികളും’ എന്നതായിരുന്നു പ്രഭാഷണ വിഷയം. രാഷ്ട്രീയ നിരീക്ഷകനും അധ്യാപകനും ‘ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി ‘ എഡിറ്ററുമായ പ്രൊഫ. ഗോപാല്‍ ഗുരു മുഖ്യാതിഥി ആയി എത്തിയ ചടങ്ങില്‍ സര്‍വകലാശാല ഡീന്‍ മീന റ്റി. പിള്ള, സിന്റിക്കേറ്റ് അംഗം പ്രൊഫ. കെ ലളിത, ഫിസിക്‌സ് വിഭാഗം മേധാവി പ്രൊഫ. വി. ബിജു എന്നിവര്‍ പങ്കെടുത്തു.

പ്രശ്‌നങ്ങള്‍ തീവ്രമല്ല എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്നതും അത് ജനങ്ങള്‍ വിശ്വസിക്കുന്നതുമാണ് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. വി. ശിവദാസന്‍ എം. പി. അഭിപ്രായപ്പെട്ടു. ഇതിനെ ചെറുക്കാന്‍ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശക്തിപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കച്ചവടവല്‍ക്കരണവും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ് തുക വെട്ടിക്കുറയ്ക്കപ്പെടുന്നതും, വര്‍ഗീയവല്‍ക്കരണവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയുടെ വക്കിലേക്ക് നയിക്കുന്നുണ്ട് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെവിടെയും ഇത്തരത്തില്‍ ഒരു റിസേര്‍ച്ചേഴ്സ് ഫെസ്റ്റ് കാണാന്‍ സാധിച്ചിട്ടില്ല എന്ന് മുഘ്യപ്രഭാഷകന്‍ പ്രൊഫ. ഗോപാല്‍ ഗുരു അഭിപ്രായപ്പെട്ടു. പൊതുജനങ്ങളോട് ഉത്തരവാദിത്തപ്പെട്ടവരാണ് ഗവേഷകര്‍ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിദ്യാഭ്യാസം പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തണം. ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികളെ കഴിവിന്റെയും വര്‍ഗ്ഗത്തിന്റെയും, സാമ്പത്തികത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് അപകീര്‍ത്തികരവും അപകടകരവുമാണ്. അതിനപ്പുറത്തേക്ക് വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികതയും യുക്തിബോധവും കണക്കിലെടുക്കപ്പെടേണ്ടതാണ്. പണ്ട് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആരോഗ്യപരമായ മത്സരങ്ങള്‍ ഇന്ന് സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കിടയില്‍ അനാരോഗ്യപരമായി തുടരുന്നു. ജ്ഞാനശാസ്ത്രപരമായ അടിത്തറ എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും വിദേശ വിദ്യാഭ്യാസത്തിനു അമിതപ്രാധാന്യം നല്‍കുന്ന പ്രവണത ഇന്നും ഇന്ത്യയില്‍ തുടരുന്നു. ഡിജിറ്റല്‍ അസമത്വത്തോടൊപ്പം അസ്തിത്വപരമായ അസമത്വവും ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട് എന്നദ്ദേഹം സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഗണ്യമായ തോതില്‍ പഠനം അവസാനിപ്പിച്ചു പോകുന്നത് ഇതിന്റെ ഫലമായാണ്. ഇതു കൂടാതെ അക്കാദമിക രംഗത്തെ മുതലാളിത്തവല്‍ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഫെസ്റ്റിന്റെ മുഖപത്രമായ ‘ഹൈറ്റ്സിന്റെ ‘രണ്ടാം പതിപ്പിന്റെ പ്രകാശനം ഗോപാല്‍ ഗുരു നിര്‍വഹിച്ചു.