നവോത്ഥാനം ദൃശ്യവിരുന്ന് 23, 24 തീയതികളില്‍

Kollam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊല്ലം: ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ ഒരുക്കുന്ന നവോത്ഥാനം നാടക ദൃശ്യവിരുന്ന് 23, 24 തീയതികളില്‍ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഒരു രചനയുടെ രണ്ട് ശൈലികളിലുള്ള അവതരണങ്ങള്‍, ഡിജിറ്റല്‍ തിയേറ്ററായും, ബ്ലാക്ക് ബോക്‌സ് തിയേറ്ററായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

23 ന് വൈകിട്ട് 6 മണിക്ക് ചേരുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടന സന്ദേശം നല്‍കും. സംഗീത നാടക അക്കാദമി ചെയര്‍മാനും വാദ്യകുലപതിയുമായ പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കേളി കൊട്ടി ദക്ഷിണമേഖലാ നാടകയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് 2 മണിക്കൂര്‍ 10 മിനുട്ട് ദൈര്‍ഘ്യമുള്ള നവോത്ഥാനം ഡിജിറ്റല്‍ തിയേറ്റര്‍ അവതരണം അരങ്ങേറും.

24ന് പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വൈകിട്ട് 6ന് നവോത്ഥാനം ബ്ലാക്ക് ബോക്‌സ് തിയേറ്ററിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് നവോത്ഥാനം ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍ പ്രൊഡക്ഷന്‍ അരങ്ങേറും. പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറിയും തിയേറ്റര്‍ ഇന്ത്യയുടെ ചെയര്‍മാനുമായ ഡോ. പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഒത്തുചേരും. നാടകചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രമോദ് പയ്യന്നൂര്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ദൃശ്യാവതരണത്തില്‍ കെ.എസ്. ചിത്ര, യേശുദാസ്, പി. ജയചന്ദ്രന്‍, അന്‍വര്‍ സാദത്ത്, പുഷ്പാവതി, മധുവന്തി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പണ്ഡിറ്റ് രമേഷ് നാരായണന്റേതാണ് സംഗീത സംവിധാനം. അഡ്വ. മണിലാലും പ്രമോദ് പയ്യന്നൂരും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച നാടകങ്ങളില്‍ മലയാള പ്രൊഫഷണല്‍ നാടക രംഗത്തെ ശ്രദ്ധേയരായ അഭിനേതാക്കള്‍ നവോത്ഥാന കാലഘട്ടത്തിലേയും വര്‍ത്തമാനകാലത്തേയും 54 കഥാപാത്രങ്ങളായി അരങ്ങിലെത്തും.