നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന മസ്തിഷ്‌ക്ക മരണം സംബന്ധിച്ച് ഡോ. എസ് ഗണപതി നടത്തുന്ന വര്‍ഗീയ പ്രചാരണം അങ്ങേയറ്റം അപലപനീയവും നിരുത്തരവാദപരമാണെന്നും ഈ ഹീന കൃത്യത്തിന് അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഐ എന്‍ എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
148 മസ്തിഷ്‌ക്ക മരണം സംഭവിച്ചതില്‍ ഒരു മുസ്ലിമേയുള്ളൂവെന്നത് വന്‍ ഗൂഢാലോചനയുടെ ഫലമാണെന്നും മുസ്ലിം ഡോക്ടര്‍മാരും കച്ചവടക്കണ്ണുള്ള ആശുപത്രി അധികൃതരുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നത് സംഘ്പരിവാറിന്റെ വക്കാലത്ത് ഏറ്റെടുത്താവണം. അതും മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധി നേടിയ ഒരു ചാനലിലൂടെ. ജനസംഖ്യാനുപാതികമായി മുസ്ലിംകളില്‍ ബ്രെയിന്‍ഡെത്ത് ഉണ്ടാവാത്തതിലാണ് ഡോ. ഗണപതിക്ക് കുണ്ഠിതം. വിശ്വാസപരമായ കാരണങ്ങളാല്‍ ശരീരം വെട്ടിമുറിക്കാനും അവയവങ്ങള്‍ കൈമാറാനും മുസ്ലിംകള്‍ മുന്നോട്ട് വരാത്തതാവണം ഈ രംഗത്ത് അവരുടെ എണ്ണം കുറയാന്‍ കാരണം. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലെ പ്രമാദമായ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2009ലാണ്. അന്ന് അതിന്റെ മാനേജ്‌മെന്റ് ആരുടെ കൈകളിലാണെന്ന് ഡോ. ഗണപതിക്ക് അറിയില്ലെന്ന് കരുതാനാവില്ല. എന്നാല്‍ അദ്ദേഹം പ്രതിക്കുട്ടില്‍ കയറ്റുന്ന വിഭാഗം ആ ആശുപത്രി വാങ്ങുന്നത് 2016ല്‍ മാത്രമാണ്.
സ്പര്‍ധയും അവിശ്വാസവും വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ കേരളത്തിന്റെ സാമൂഹിക ചുറ്റുപാട് വഷളാക്കാനേ ഉപകരിക്കുകയുള്ളു. അതിനെതിരെ നടപടി അനിവാര്യമാണ്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെ നടത്തുന്ന ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ലോബിയുടെ കളി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.