കൊല്ലം: പാരമ്പര്യേതര ഊര്‍ജ മേഘലയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേമ പവര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍സ്‌പോട്ട് എന്നീ കമ്പനികളുടെ ആഭിമുഖ്യത്തില്‍ പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിങ് കോളേജിലെ എന്‍ജിനീയറിങ്/ ഡിപ്ലോമ പഠനത്തിന് ഇന്‍ഡസ്ട്രിയല്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/ പ്ലസ്ടു പരീക്ഷ എഴുതി നില്‍ക്കുന്ന എന്‍ജിനീയറിങ്ങ് പഠിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ നാലു വര്‍ഷ എന്‍ജിനീയറിങ് പഠനത്തോടൊപ്പവും കേരള സ്‌റ്റേറ്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ കീഴില്‍ 3 വര്‍ഷ ഡിപ്ലോമ പഠനത്തോടൊപ്പം വിവിധ വ്യവസായ പരിശീലനം നല്‍കി വ്യവസായത്തിന് യോജിച്ച രീതിയില്‍ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിന് എഞ്ചിനീയറിംഗ് 4.0 എന്ന പദ്ധതിയില്‍ ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് കോളോജുമായി കമ്പനികള്‍ ധാരണാപത്രമായി. എഞ്ചിനീയറിങ്ങ്/ ഡിപ്ലോമ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രായോഗികജ്ഞാനം പത്താം ക്ലാസ്, പ്ലസ്ടു മാര്‍ക്ക് എന്നിവ അടിസ്ഥാനമാക്കി 100 % വരെ സ്‌കോളര്‍ഷിപ് നല്‍കുന്നതാണ്. പ്രായോഗികജ്ഞാനം വിവിധ തലങ്ങളില്‍ കണ്ടെത്തി വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ മേഖല കണ്ടെത്തുക എന്നത് കൂടി ഈ പദ്ധതി ലക്ഷ്യം വെക്കുന്നു.
എന്‍ജിനീയറിങ്/ ഡിപ്ലോമ പഠനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് അവരുടെ അഭിരുചി അനുസരിച്ചുള്ള തൊഴില്‍ നല്‍കുക എന്നത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതിയുടെ ഭാഗമായി രണ്ടര കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്‍ജിനീയറിങ് 4.0 പദ്ധതിയില്‍ ചേര്‍ന്ന് എന്‍ജിനീയറിങ് വിദ്യാഭ്യാസം വ്യവസായത്തിന് അനുരൂപമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 15 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയുവാനായി www.ukfcet.ac.in/kshemascholarship.php സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8606009997.