പുതിയ മദ്യ നയം ജനദ്രോഹം: കേരള മദ്യവിരുദ്ധ ജനകീയ മുന്നണി

Alappuzha

ആലപ്പുഴ: പുതിയ മദ്യനയം വഴി മദ്യവിപണി കുടുതല്‍ സജീവമാകുവാനും അതുമൂലം മദ്യ വില്പന കൂടുകയും ചെയ്യുമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ആലപ്പുഴ ജില്ല ചെയര്‍മാന്‍ എ പി നൗഷാദ് ജില്ലാ കണ്‍വീനര്‍ പി എ ലോറന്‍സ്, ജില്ലാ കോഡിനേറ്റര്‍ കെ ജെ ഷീല എന്നിവര്‍ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നത് ജനങ്ങളെ അക്രമത്തിലേക്കും അനീതിയിലേക്കും നയിക്കും. കുടുംബങ്ങളില്‍ മനസ്സമാധാനം ഇല്ലാതാക്കി നിരന്തരം വാക്കേറ്റത്തിനും കലഹത്തിലും എത്തി അക്രമം മൂലം എന്തും സംഭവിക്കുവാന്‍ വഴിയൊരുങ്ങുമെന്നും കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി വിലയിരുത്തി.

ബാര്‍ലൈസന്‍സ് വര്‍ധനവും കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലുള്ള നക്ഷത്ര പദവി നല്‍കുന്നതും പുതിയ മദ്യനയം വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്പാദനം കൂടുവാന്‍ പ്രോത്സാഹനം നല്‍കുമെന്നും നേതാക്കള്‍ ആശങ്കപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കേണ്ട പുതിയ മദ്യ നയം വിവിധ കാരണങ്ങളാല്‍ പ്രഖ്യാപനം വൈകിയത് മദ്യവിപണി കൂടുതല്‍ സജീവമാക്കി കേരള സമൂഹത്തെ മദ്യത്തില്‍ മുക്കി കൊല്ലുവാനുള്ള നീക്കാമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്ത് ഉണ്ടായിരുന്ന ഔട്ട്‌ലെറ്റുകളുടെ എണ്ണവും ഇന്ന് എത്ര ഔട്ട്‌ലെറ്റുകളാണ് നിലവിലുള്ളത് എന്നും തിരിച്ചറിയണം. കേരള ജനതയെ മദ്യത്തില്‍ മുക്കുന്ന പുതിയ മദ്യനയം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചര്‍ച്ചകളില്‍ കേരള മദ്യ വിരുദ്ധ മുന്നണി ജില്ലാ നേതാക്കളായ എ പി നൗഷാദ്, പി എ ലോറന്‍സ്, കെ ജെ ഷീല അഡ്വ. ഒ ഹാരിസ്, എന്‍ അജയകുമാര്‍, അഡ്വ. ഇ എന്‍ ശാന്തി രാജ്, അഡ്വ. എം എ ബിന്ദു, ഗായത്രി സ്വാമി നാഥന്‍, മധു ചെങ്ങന്നൂര്‍, സുരേഷ് കുമാര്‍ തോട്ടപ്പള്ളി, ടി എ സന്തോഷ്, കെ വിനോദ്, ഉമ്മച്ചന്‍ ചക്കമ്പുരക്കല്‍, ജോസി വഴിച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് തലത്തില്‍ ജനങ്ങളെ ചേര്‍ത്ത് പിടിച്ചു പുതിയ മദ്യ നയം എത്രത്തോളം ജനജീവിതത്തെ ബാധിക്കുന്നതിനെ സംബന്ധിച്ച് ബോധ വല്‍ക്കരണം നടത്തുവാന്‍ തീരുമാനിച്ചു.