വൈത്തിരി: മുസ്‌ലിം സ്ത്രീകള്‍ നേടിയെടുത്ത പുരോഗതി ഇല്ലാതാക്കാനും അവരെ പിറകോട്ടു വലിക്കാനും വ്യാപക ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പുരോഗതി തിരിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വരംഗത്തും സ്ത്രീ സമൂഹം മുന്നേറുകയാണ്. ക്രിയാത്മകമായ മേഖലയില്‍ അത് വിനിയോഗിക്കാന്‍ സാധിക്കണം. പുതുതലമുറയെ നശിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുകയാണ്. ധാര്‍മിക സദാചാര മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും മദനി പറഞ്ഞു. മുസ്‌ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്മന്റ് (എം ജി എം)സംസ്ഥാന ദ്വിദിന ശില്‍പശാലയുടെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത ദ്വിദിന ശില്പശാല ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കി. വിശുദ്ധി പെണ്‍മയുടെ അഭിമാനം എന്ന പ്രമേയത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഷീ സമ്മിറ്റ് നടക്കും. സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.
എം ജി എം പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, അബ്ദു റഹ്മാന്‍ മദനി പാലത്ത്, ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സയ്യിദ് അലി സ്വലാഹി, കെ എം റാബിയ, ആമിന അന്‍വാരിയ്യ, കുഞ്ഞിമ്മ ടീച്ചര്‍, നബീല കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.