സമസ്ത കേന്ദ്ര മുശാവറ അംഗം വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാര്‍ നിര്യാതനായി

Kerala

വടകര: സുന്നി പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍ (82) നിര്യാതനായി. അസുഖ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1941ല്‍ പിലാവുള്ളതില്‍ അമ്മതിന്റെയും കാഞ്ഞിരക്കുനി ആയിശയുടെയും മകനായി ഇബ്രാഹിം മുസ്ല്യാര്‍ വില്യാപ്പള്ളിയില്‍ ജനിച്ചു. വില്യാപ്പള്ളി പ്രദേശത്ത് നിന്ന് കേരളത്തോളം വളര്‍ന്ന മഹാപണ്ഡിതന്‍. വില്യാപ്പള്ളിയിലെ പ്രഗത്ഭ പണ്ഡിത നായിരുന്ന എടവന കുഞ്ഞ്യേറ്റി മുസ്ല്യാരില്‍ നിന്നും വള്ള്യാട് ദര്‍സിലെ കോറോത്ത് അബൂബക്കര്‍ മുസ്ല്യാരില്‍ നിന്നും പെരിങ്ങത്തൂരിനടുത്ത എണവള്ളൂരിലെ ദര്‍സിലെ കണാരാണ്ടി അഹ്മദ് മുസ്ല്യാരില്‍ നിന്നും കിതാബുകള്‍ ഓതിപ്പഠിച്ചു. അതിനു ശേഷമാണ് 1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക്കോളേജിലേക്ക് ഉപരിപഠനത്തിനായി പോകുന്നത്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍, കെ സി ജമാലുദ്ദീന്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ ജാമിഅയിലെ പ്രധാന ഉസ്താദുമാരായിരുന്നു. പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ സതീര്‍ ത്ഥ്യനായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഉസ്താദുമാര്‍ക്ക് വരുന്ന വഅളുകള്‍ ഏറ്റെടുത്തിരുന്നത്, സി കെ.എം സ്വാദിഖ് മുസ്ല്യാരും ഇബ്രാഹിം മുസ്ല്യാരുമാണ്. ജാമിഅ നൂരിയ്യയില്‍ നിന്ന് സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ കര ങ്ങളില്‍ നിന്ന് ഫൈസി ബിരുദം ഏറ്റു വാങ്ങി. പി.എം എസ് എ പൂക്കോയ തങ്ങള്‍, കണ്ണിയത്ത് അഹ്മദ് മുസ്ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്ല്യാര്‍, ഖാഇദെ മില്ലത്ത് ഇസ്മായി ല്‍ സാഹിബ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ആ ചടങ്ങ് നടന്നത്. ജാമിയയില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ചെക്യാട് മുണ്ടോളി പള്ളി, കു ഞ്ഞിപ്പള്ളി മഖ്ദൂമിയ കോളേജ്, സ്വന്തം മഹല്ലായ മാറക്കല്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഏറെ കാലം മുദ രിസായി സേവനം ചെയ്തു. നാല് പതി റ്റാണ്ടുകാലത്തോളമായി സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണദ്ദേഹം. 1969 മുതല്‍ വിവിധ ഹജ്ജ് ഉംറ ഗ്രൂപ്പുകളില്‍ ചീഫ് അമീറായിരുന്നു. വില്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ രക്ഷാധികാരി കൂടിയായിരുന്നു അദ്ദേഹം. ആരെയും അത്ഭുതപ്പെടുത്തുന്ന വാക്ചാതുരിയോടെ സദസ്സുകളില്‍ അറിവിന്റെ കുളിര്‍ മഴ പെയ്യിച്ച് പ്രഭാഷണം നടത്താനുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത്.