പൂനൂര്‍ പുഴ സംരക്ഷണം; ബോധവല്‍ക്കരണ സന്ദേശ യാത്ര സമാപിച്ചു

Kozhikode

കൊടുവള്ളി: സേവ് പൂനൂര്‍ പുഴ ഫോറത്തിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പൂനൂര്‍ പുഴ ബോധവല്‍ക്കരണ സന്ദേശ യാത്രക്ക് സമാപിച്ചു. പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴി അനുദിനം നശിക്കുന്ന പൂനൂര്‍പുഴയെ സംരക്ഷിച്ചു നിര്‍ത്തുന്നതിന്റെ ആവശ്യകതജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചത്.

പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതല്‍ പുഴ അവസാനിക്കുന്ന ഏലത്തൂര്‍ പഞ്ചായത്തിലെ അകാലപുഴ വരെയുളള അല്‍പത് പ്രദേശങ്ങളിലൂടെ യാത്രചെയ്ത് പുഴയറിവുകള്‍ പങ്കിടുകയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകര്‍, പുഴ സംരക്ഷണ സമിതികള്‍ വിവിധ റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും യാത്രയില്‍ പങ്കാളികളായി. കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന സമാപന പരിപാടി എ.ഡി.എം. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. സേവ് പൂനൂര്‍ പുഴ ഫോറം ചെയര്‍മാന്‍ പി.എച്ച് ത്വാഹ അധ്യക്ഷത വഹിച്ചു.

ഫോറം സെക്രട്ടറി അഡ്വ.കെ. പുഷ്പാംഗദന്‍ ,എ.സി.പി സുദര്‍ശനന്‍, കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സരിത കുന്നത്ത്, കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലിജി പുല്‍കുന്നമ്മല്‍, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ, എന്‍.ടി. ഷാഹുല്‍ ഹമീദ് കൊടുവള്ളി, ഗുരുകുലം ബാബു, എം .കെ .കരീം, എം. എ. സാജിത്, മുഹമ്മദ് മാക്കൂട്ടം, ലൈജു, പി കെ റസിയ, ജമീല, വിന്‍സെന്റ്, ഗണേഷ് ഉള്ളൂര്‍, മുഹമ്മദ് റാഫിഖ്, എ. ബലരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജാഥാ കണ്‍വീനര്‍ മുഹമ്മദ് സാലിഹ് സ്വാഗതവും ജാഥ ക്യാപ്റ്റന്‍ സി.പി. റഷീദ് പൂനൂര്‍ നന്ദി പറഞ്ഞു.