മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് ബീച്ചില്‍

Kerala

കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. ബുക്പ്ലസ് പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനാണ് നവംബര്‍ 30ന് തുടക്കമാകുന്നത്. നാല് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന ഫെസ്റ്റിവലില്‍ നിരവധി ദേശീയ അന്തര്‍ദേശീയ വിദഗ്ദരും എഴുത്തുകാരും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. മലബാറിന്റെ ഭാഷ, സാഹിത്യം, കല, സംസ്‌കാരം എന്നിവയുടെ ഒരു ആഘോഷമായിരിക്കും എം. എല്‍. എഫെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മലബാറിന്റെ വീക്ഷണ കോണില്‍ നിന്നുമുള്ള മലയാള സാഹിത്യത്തിന്റെ പുനര്‍വായനയാണ് എം. എല്‍. എഫ് ലക്ഷ്യമിടുന്നത്. മലബാറിലെ സമുദായങ്ങള്‍, അവരുടെ ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം, ചരിത്രം, ഭാഷകള്‍, യാത്രകള്‍, കലകള്‍ എന്നിവ അടയാളപ്പെടുത്തുന്ന സെഷനുകളായിരിക്കും ഫെസ്റ്റിവലിന്റെ സവിശേഷതയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍ എന്നിവയ്ക്ക് പുറമെ സിനിമഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സംഗീത സദസ്സുകള്‍, കലാ പ്രകടനങ്ങള്‍ എന്നിവയ്ക്കും ഫെസ്റ്റിവല്‍ വേദിയാകും. മുഖ്യധാരാ കേരള ചരിത്രം തമസ്‌കരിച്ച മാപ്പിള, ദളിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദര്‍ശനവും തുടര്‍ചര്‍ച്ചകളും ഫെസ്റ്റിവലില്‍ അരങ്ങേറും.

ഫെസ്റ്റിവലില്‍ ന്യൂനപക്ഷ, കീഴാള, ദളിത്, ആദിവാസി പ്രാതിനിധ്യം ഉണ്ടാവും. ലക്ഷദ്വീപ്, കായല്‍പ്പട്ടണം, ആഫ്രിക്ക തുടങ്ങിയ ദേശങ്ങളുമായുള്ള മലബാറിന്റെ ചരിത്രപരമായ ബന്ധവും വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടും. വിദ്യാഭ്യാസആരോഗ്യവിനോദ സഞ്ചാര രംഗത്തെ മലബാറിന്റെ അവസ്ഥയും സാധ്യതകളും അന്വേഷിക്കും. മലബാറിന്റെ കായിക, സംഗീത, നാടക, സിനിമാ പാരമ്പര്യങ്ങള്‍ക്കായി പ്രത്യേക സെഷനുകളുണ്ടാവും.

പ്രശസ്ത ഹൈദരാബാദി സൂഫി സംഗീതജ്ഞരായ വാര്‍സി സഹോദരന്മാരുടെ ഖവ്വാലിയും കുമാര്‍ സത്യത്തിന്റെ ഗസലും ലക്ഷദ്വീപില്‍ നിന്നുള്ള പുള്ളിപ്പറവ ബാന്റിന്റെ പെര്‍ഫോര്‍മന്‍സും നാടന്‍ പാട്ടും അരങ്ങേറും. എം നൗഷാദ് ക്യുറേറ്റ് ചെയ്യുന്ന സമീര്‍ ബിന്‍സി ആന്‍ഡ് ടീം, കരീംഗ്രഫി, ഫ്രീസ്‌റ്റൈല്‍ ഹാദിയ എന്നിവര്‍ ചേര്‍ന്നുള്ള ഈവനിംഗ് പെര്‍ഫോര്‍മന്‍സ് ഈ എഡിഷന്റെ പ്രത്യേക ആകര്‍ഷണമായിരിക്കും. മൂന്നു വേദികളിലായി നൂറില്‍പരം സെഷനുകളില്‍ മുന്നൂറിലധികം അതിഥികള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവലില്‍ ഫലസ്തീനുമേല്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധവും ചര്‍ച്ചയാകും.

കടല്‍ ആണ് ഈ എഡിഷന്റെ തീം. കടലുമായി ബന്ധപ്പെട്ട് മാത്രം 10 ഓളം സെഷനുകള്‍ എം.എല്‍.എഫിലുണ്ട്. കോഴിക്കോടിന് ലഭിച്ച യുനെസ്‌കോ സാഹിത്യ നഗരം പദവിയും മലയാള പ്രസാധനത്തിന്റെ 200ാം വാര്‍ഷികവും ഈ എഡിഷനിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. നവംബര്‍ 30 ന് വൈകുന്നേരം 6.30 നാണ് ഉദ്ഘാടന സെഷന്‍. പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും.

കനിമൊഴി, എന്‍സെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, എം.എച്ച് ഇല്യാസ്, എം.ടി അന്‍സാരി, ടി.ടി ശ്രീകുമാര്‍, ടി.ഡി രാമകൃഷ്ണന്‍, എസ്. ജോസഫ്, പി. രാമന്‍, സുഭാഷ് ചന്ദ്രന്‍, എസ് ഹരീഷ്, ഉണ്ണി ആര്‍, ഫ്രാന്‍സിസ് നൊറോണ, കല്‍പറ്റ നാരായണന്‍, പി.എഫ് മാത്യൂസ്, അജയ് പി മങ്ങാട്ട്, വീരാന്‍ കുട്ടി, പി.കെ പാറക്കടവ്, കെ.പി രാമനുണ്ണി കെ.ഇ.എന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, കെ.കെ ബാബുരാജ്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുഹ്‌സിന്‍ പരാരി, സജി മാര്‍ക്കോസ്, ജെനി റൊവീന, എം.പി ലിപിന്‍രാജ്, ഡോ. ഉമര്‍ തറമേല്‍, ഇസ്മത്ത് ഹുസൈന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, വിധു വിന്‍സെന്റ്, വിജയരാജമല്ലിക, ഫ്രാന്‍സിസ് നൊറോണ, കെ. അബൂബക്കര്‍, ഡോ. ജി. ഉഷാകുമാരി, റോഷ്‌നി സ്വപ്ന, ഡോ. അജയ് ശേഖര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. മൈജി (myG)യാണ് എം.എല്‍.എഫിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. സൈത്തൂണ്‍ റെസ്‌റ്റോറന്റാണ് അസ്സോസിയേറ്റ് സ്‌പോണ്‍സര്‍.

സെപ്റ്റംബറില്‍ എം എല്‍ എഫിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് മുതല്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഷാര്‍ജ ബുക് ഫെസ്റ്റിവലില്‍ എം എല്‍ എഫ് പവിലിയന്‍ സജ്ജമായിരുന്നു. ഡി മലബാരികസ് മലബാര്‍ ഹെറിറ്റേജ് വാക്ക് എന്ന പേരില്‍ നടത്തിയ പൈതൃകയാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് എം.എല്‍.എഫ് ഡയറക്റ്റര്‍ എംബി മനോജ് പറഞ്ഞു. ക്യൂറേറ്റര്‍ മുഹമ്മദ് ഷെരീഫും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.