കോഴിക്കോട്: ഗ്രാസിം മാവൂര്‍ വിടുക, മാവൂരിന്റെ ഭൂമിയില്‍ സര്‍ക്കാര്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മാവൂര്‍ ഗ്രാസിം സമര സമിതി ഗ്രാസിം ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സമരസമിതി ചെയര്മാന് രാജേന്ദ്രന് വെള്ളപാലത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദീദ തിയ്യറ്ററിന് മുന്പില് നിന്നും ആരംഭിച്ച മാര്‍ച്ച് പൊലീസ് കമ്പിനി ഗെയ്റ്റിന് സമീപം തടഞ്ഞു. മാവൂര്‍ സ്റ്റേഷന് ഇന്‍ ചാര്‍ജ്ജ് കുന്ദമംഗലം പൊലീസ് ഇന്‍സ്പക്ടര്‍ എസ് ശ്രീകുമാറിന്റെയും മാവൂര്‍ എസ് ഐ പി ടി സെയ്ഫുള്ളയുടെയും നേതൃത്വത്തില്‍ കനത്ത പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
ഗ്രാസിം ബിര്‍ളയ്ക്ക് വിട്ടു കൊടുത്ത സര്‍ക്കാര്‍ നിലപാടില്‍ വലിയ പ്രതിഷേധമാണ് ജാഥയില്‍ ഉടനീളം ഉയര്‍ന്നത്. സ്ത്രീകളുടെ വന്‍ നിര തന്നെ ജാഥയില്‍ അണിനിരന്നു. പ്രതിഷേധ മാര്‍ച്ച് കെ കെ രമ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരളാ പ്രവാസി അസോസിയേഷന് ചെയര്മാന് രാജേന്ദ്രന് വെള്ളപ്പാലത്ത് അധ്യക്ഷത വഹിച്ചു. മാവൂര്‍ ഗ്രാസിം വിഷയത്തില്‍ സര്‍ക്കാര്‍ ബിര്‍ളയ്ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെ കെ രമ എം എല്‍ എ പറഞ്ഞു. ബിര്‍ളയുമായി ധാരണ ഉണ്ടാക്കിയത് കൊണ്ടാണ് കേസില്‍ സര്‍ക്കാര്‍ വക്കീല്‍ ഹാജരാകാത്തത് . മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ വടക്ക് നിന്നും തെക്കോട്ട് യാത്ര ചെയ്താല്‍ പോര, മണ്ണിലിറങ്ങി ജനകീയ പ്രശ്നം പരിഹരിക്കണമെന്ന് രമ നവകേരളത്തെ വിമര്‍ശിച്ച് കൊണ്ട് സംസാരിച്ചു.
ഗ്രാസിം വിടുന്നത് വരെ ജനകീയ സമരം തുടരുമെന്ന് രാജേന്ദ്രന് വെള്ളപ്പാലത്ത് പറഞ്ഞു. ഗ്രാസിം ഭൂമി സര്‍ക്കാറിന്റെതാണ് എന്ന് ബിര്ളക്കറിയാം . എന്നാല്‍ ബിര്‍ളയുടെ അച്ചാരം വാങ്ങി സര്‍ക്കാര്‍ മൗനം പാലിക്കുന്നു. സമരം ഇടത് സര്‍ക്കാറിന് എതിരായ സമരമല്ല. ഗ്രാസിം ഭൂമി അനാഥമായി കിടക്കുന്നതിന് പകരം തൊഴില്‍ കൊടുക്കാന്‍ വേണ്ടി അഭ്യര്‍ത്ഥനയാണിതെന്ന് അദ്ദേഹം പറഞ്ഞു.ഈ മാസം 23 ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഗ്രാസിം സമരത്തിന് പരിഹാരം കാണുന്നത് വരെ ഒപ്പം ഉണ്ടാകുമെന്ന് എം കെ രാഘവന് എം പി പറഞ്ഞു. ഗ്രാസിം വിഷയം ഇപ്പോ ശരിയാകും എന്ന് പറയുന്നതല്ലാതെ പരിഹാരം കാണുന്നില്ലന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ വളപ്പില്‍ റസാഖ്,ഷംസുദ്ദീന് ചെറുവാടി (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം), പി എം മുനീര്‍ (എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി), ടി പി സുരേഷ് (ബിജെപി സംസ്ഥാന കമ്മിറ്റി അംഗം), എന്‍ പി അഹമ്മദ് (ട്രഷറര്‍ സമരസമിതി), ടി രഞ്ജിത്ത് (വര്‍ക്കിംഗ് ചെയര്മാന് സമരസമിതി), കെ ഉസ്മാന് (കോഡിനേറ്റര്‍ സമരസമിതി), കെ സി വത്സരാജ് (കണ്‍വീനര്‍ സമരസമിതി), കെ എസ് രാമമൂര്‍ത്തി (മര്‍ച്ചന്റ് അസോസിയേഷന്), കെഎം ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.