രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക കഥ, കവിത പുരസ്കാരങ്ങൾ ഫെബ്രുവരി 20ന് വൈകിട്ട് 5 മണിക്ക് സമർപ്പിക്കും

Kozhikode

കോഴിക്കോട് : തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ബുക്ക്സ് ആൻഡ് എജുക്കേഷണൽ സപ്ലൈയേഴ്ന് ഏർപ്പെടുത്തിയ രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക കഥ, കവിത പുരസ്കാരങ്ങൾ 2025 ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് അളകാപുരിയിൽ വച്ച് സമർപ്പിക്കും. കഥാപുരസ്കാരം ഡോ. ഒ.എസ് രാജേന്ദ്രൻ്റെ ‘ബി പോസിറ്റീവ്’ എന്ന കഥാസമാഹരത്തിനും ( സാഹിത്യ പബ്ളിഷേഴ്സ്, കോഴിക്കോട്) കവിതാപുരസ്കാരം എൻ.എസ്.സുമേഷ് കൃഷ്ണൻ്റെ ’എൻ്റെയും നിങ്ങളുടെയും മഴകൾ’ (ഡി സി ബുക്സ്) ക്കുമാണ്. 15001 രൂപയും ആർട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ഇരുവർക്കും സമ്മാനിയ്ക്കും.

പ്രൊഫ. വി.എൻ മുരളി, കവി എസ് രാഹുൽ, തിരക്കഥാകൃത്ത് ജി.അരുണ എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരത്തിനർഹമായ കഥ-കവിത സമാഹാരങ്ങൾതെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം കഥക്ക് ലതാ ലക്ഷ്മിയുടെ ‘ചെമ്പരത്തി’ക്കും കവിതയ്ക്ക് സോഫിയാ ഷാജഹാൻ്റെ ‘മഞ്ഞിൻചിറകുള്ള വെയിൽ ശലഭ’ത്തിനും ആയിരുന്നു പുരസ്കാരം. മനുഷ്യജീവിതത്തിൻ്റെ സൂക്ഷ്മാനുഭവങ്ങളെ ആവിഷ്കരിക്കുന്ന ഡോ.ഒ.എസ്.രാജേന്ദ്രൻ്റെ ‘ബി പോസിറ്റീവ്’ എന്ന സമാഹാരത്തിലെ കഥകൾ സാമൂഹ്യ ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഇടയിലെ സംഘർഷങ്ങളെ കഥാപാത്ര നിർമിതിയിലൂടെ ആഴത്തിൽ രേഖപ്പെടുത്തുന്നു. സാമൂഹ്യപ്രശ്നങ്ങൾ ആവിഷ്കരിക്കുകയും ധ്യാനാത്മകമായ വായനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന കവിതകളാണ് എൻ.എസ് . സുമേഷ് കൃഷ്ണൻ്റെ ‘എൻ്റെയും നിങ്ങളുടെയും മഴകൾ’ എന്ന കവിതാ സമാഹരത്തിലേത്. പുരസ്കാരങ്ങൾ കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് സമർപ്പിക്കും. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി, പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. ഗോകുലേന്ദ്രൻ, ബി പോസിറ്റീവിൻ്റെ പ്രസാധകൻ സുദീപ് തെക്കേപ്പാട്ട് ( സാഹിത്യ പബ്ളിക്കേഷൻസ്), സ്വതന്ത്ര ബുക്സ് കൺസൾട്ടിംഗ് എഡിറ്റർ പി. സിദ്ധാർത്ഥൻ തുടങ്ങിയവർ സംബന്ധിക്കും.

പുരസ്കാരം ലഭിച്ച കഥാസമാഹരത്തിൽ നിന്നുള്ള ഭാഗങ്ങൾ എഴുത്തുകാരി ശ്രീലതാ രാധാകൃഷ്ണനും പുരസ്കാര കവിതാ സമാഹാരത്തിലെ വരികൾ എഴുത്തുകാരി സരസ്വതി ബിജുവും അവതരിപ്പിക്കും. കോഴിക്കോട് ദർശനം ഗ്രന്ഥശാലയുടെ പ്രാദേശിക സഹകരണത്തോടെയാണ് പുരസ്കാര വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്ന് കാലിക്കറ്റ് പ്രസ് ക്ള്ബ്ബിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എം.എ. ജോൺസൺ (ദർശനം ഗ്രന്ഥശാല മുഖ്യ രക്ഷാധികാരി), പി.കെ.ശാലിനി ( കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം), കൊല്ലറയ്ക്കൽ സതീശൻ ( ഡയറക്ടർ, കേരള എഡ്യൂക്കേഷൻ കൗൺസിൽ) എന്നിവർ അറിയിച്ചു. എം.എ.ജോൺസൺ എഡിറ്റു ചെയ്ത് സ്വതന്ത്ര ബുക്സ് പ്രസിദ്ധീകരിച്ച കഥാ സമാഹാരവും ലേഖന സമാഹാരവും ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘എം.എ. ജോൺസൺ : ഇവിടെ ഇങ്ങനെ ഒരു മനുഷ്യൻ ‘ എന്നീ പുസ്തകങ്ങൾ പ്രസ്ക്ളബ്ബ് ലൈബ്രറിയ്ക്ക് വേണ്ടി സെക്രട്ടറി പി.കെ.സജിത് എം.എ. ജോൺസണിൽ നിന്ന് ഏറ്റുവാങ്ങി.