സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പിലാക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

Kozhikode

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സത്രീധന നിരോധന നിയമം ശക്തമായി നടപ്പിലാക്കണമെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പാളയം ജുമാ മസ്ജിദില്‍ ഖുതുബാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മെഡിസിന്‍ വിദ്യാര്‍ത്ഥിനികള്‍ പോലും ആത്മഹത്യ ചെയ്യുന്ന അവസ്ഥയുണ്ടായത് വേദനാജനകമാണ്. ദാമ്പത്യം സ്ത്രീക്കും പുരുഷനും ഒരു പോലെ അനുഭവിക്കാനുള്ളതാണ്. ദമ്പതികളെക്കുറിച്ച് ഖുര്‍ആന്‍ പ്രയോഗിച്ചത് ഇണകള്‍ ( അസ് വാജ് ) എന്നാണ്. ഭര്‍ത്താവ്, ഭാര്യ എന്ന വ്യത്യസ്ഥ വാക്കുകള്‍ ഖുര്‍ആനിലില്ല.

ഗാര്‍ഹിക പീഡനം കൂടി വരുന്നുണ്ട്. വര്‍ഷത്തില്‍ മുവ്വായിരത്തോളം ഗാര്‍ഹിക പീഡനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. കൂടാതെ സ്റ്റൗ പൊട്ടിത്തെറിച്ചും വസ്ത്രത്തിന് തീ പിടിച്ചും കിണറ്റില്‍ വീണ്ടും മരണപ്പെടുന്ന നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തതോ കൊല്ലപ്പെട്ടതോ ആണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് കൊള്ളുക എന്ന മുഹമ്മദ് നബിയുടെ ശക്തമായ ആഹ്വാനം പുരുഷസമൂഹം ചെവിക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.