പാലക്കാട്: മദ്രസയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. പാലക്കാട് കൂറ്റനാട് മല റോഡിന് സമീപത്തുവെച്ചാണ് വെള്ളക്കാറിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറേമുക്കാലോടെയാണ് സംഭവം. പൊണ്കുട്ടിയുടെയും പ്രദേശവാസികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ചാണ് തൃത്താല പൊലീസ് അന്വേഷണം.
വട്ടേനാട് എല്‍ പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലേക്ക് പോവുകയായിരുന്നു കുട്ടി. കാര്‍ സമീപത്ത് നിര്‍ത്തുകയും കൊണ്ടാക്കിത്തരാം എന്ന് പറയുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോര്‍ തുറന്ന് ഒരു സ്ത്രീ കയ്യില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കുതറി മാറിയതോടെ കാര്‍ ഓടിച്ച് പോയി.
സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്. തൃത്താല പൊലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാര്‍ പുലര്‍ച്ചെ മുതല്‍ പാര്‍ക്ക് ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയം തോന്നാതിരുന്നതിനാല്‍ ആരും കൂടുതല്‍ ശ്രദ്ധ കൊടുത്തില്ല. വീട്ടില്‍ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.