വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ സ്വീപ്പര്‍ അറസ്റ്റില്‍

Crime

അഞ്ചല്‍: വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം നടത്തിയ കൊല്ലം ഏരൂരില്‍ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് അറസ്റ്റിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം മുതല്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചിരുന്നുവത്രെ. അധ്യാപകര്‍ എത്തും മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികളാണ് ഇയാളുടെ പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ഒരു പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. അവര്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് സമാന പരാതിയുള്ളതായി വ്യക്തമായി.

തുടര്‍ന്ന് ഏരൂര്‍ പൊലീസില്‍ അഞ്ച് പരാതികളെത്തി. പോക്‌സോ ഉള്‍പ്പെടെ ചുമത്തി കേസെടുത്ത പൊലീസ് കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണം പുനലൂര്‍ ഡിവൈ എസ് പി അന്വേഷണം ഏറ്റെടുത്തു. ആശുപത്രിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.