വീട്ടിലെ ജോലിക്കാരിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് ദമ്പതികള്‍ അറസ്റ്റില്‍

Crime

കോട്ടയം: വീട്ടിലെ ജോലിക്കാരിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. താന്‍ ജോലി ചെയ്തിരുന്ന വീട്ടിലെ, തനിക്ക് ശമ്പളം നല്‍കേണ്ട ദമ്പതികളാണ് മോഷണം നടത്തിയത് എന്നത് വീട്ടുജോലിക്കാരിയെ ഞെട്ടിച്ചിരിക്കുകയാണ്. ജോലി ചെയ്ത വകയില്‍ നല്‍കാനുള്ള ശമ്പളം നല്‍കാന്‍ പണമില്ലെന്നും പകരം വീട്ടിലെ ടി വി എടുത്തോ എന്നും ദമ്പതികള്‍ ജോലിക്കാരിയോട് പറയുന്നു. തുടര്‍ന്ന് ആ ടിവി ഫിറ്റ് ചെയ്യാനെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ വീട്ടില്‍ എത്തുകയും മോഷണം നടത്തുകയുമായിരുന്നു.

സംഭവത്തില്‍ മൂന്നു പേരെ കോട്ടയത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി, ഭാര്യ നേഹാ രവി, ആലപ്പുഴ അരൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഒക്ടോബര്‍ 16 ആം തീയതി അയ്മനം സ്വദേശിനിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ മാല മോഷ്ടിച്ച് മുങ്ങിയിരുന്നു.

ടിവി ഫിറ്റ് ചെയ്യുന്നതിനായി ആഷികും ഭാര്യയും സുഹൃത്തായ അര്‍ജുനും വീട്ടുജോലിക്കാരുടെ വീട്ടിലെത്തുകയും ജോലിക്കാരിയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. സ്വര്‍ണമായ കാണാതായതോടെ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് താന്‍ ജോലിക്ക് നിന്നിരുന്ന വീട്ടുകാര്‍ തന്നെയാണ് മോഷ്ടാക്കളെന്ന് കണ്ടെത്തിയത്.