എടവണ്ണ:‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ 2024 ഫെബ്രുവരി 15,16,17,18 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കിഡ്സ് വിഭാഗത്തിനായി പ്രത്യേക പവലിയന് ‘കിഡ്സ്പോര്‍ട്ട്’ എന്ന പേരില്‍ സജ്ജീകരിക്കുന്നു. കിഡ്സ്പോര്ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത മലപ്പുറം ജില്ല വളണ്ടിയര്‍ സംഗമം എംഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായാണ് ‘കിഡ്സ്പോര്‍ട്ട്’എഡുടെയ്ന്മെന്റ് പാര്‍ക്ക്’ യുപിതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കുക. കളികളിലൂടെയും ആക്ടിവിറ്റികളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് കിഡ്സ്പോര്ട്ട്കൊണ്ട് ലക്ഷ്യമാക്കുന്നത്. ഗെയിം സോണ്‍, ആക്ടിവിറ്റി സോണ്‍, 3ഡി തിയേറ്റര്‍, എക്സിബിഷന് തുടങ്ങി നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്തങ്ങളായ പവലിയനുകളാണ് ഇതിന്റെ ഭാഗമായി തയ്യാറായിക്കൊണ്ടിരിക്കുന്നത്.
വളണ്ടിയര്‍ സംഗമത്തില്‍ നബീല്‍ പാലത്ത്, തമീം എടവണ്ണ, അബ്സം കുണ്ടുതോട്, സ്വാലിഹ് എടവണ്ണ, ഫാത്തിമ ഹിബ, ഹനീന, ലുത്ഫാ തുടങ്ങിയവര്‍ സംസാരിച്ചു.