മുസ്ലിം സമുദായം മാന്ത്രികക്കുപ്പായത്തിന്‍റെ പിന്നാലെ പോകുന്നതെന്തിന്?

Opinions

സഈദ് തളിയില്‍

19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്കയില്‍ ജീവിച്ച ഉജ്ജ്വല വ്യക്തിത്വവും മഹാപ്രതിഭയുയായ ജോണ്‍ മില്‍റ്റന്‍ ഹെ. എഴുതിയ അതിമനോഹരവും സാരസമ്പൂര്‍ണ്ണവുമായ കവിതയാണ് Enchanted shirt. നാട്ടിലെ രാജാവിന് അസുഖമാണെന്ന് അയാള്‍ പറയുന്നു. അതയാളുടെ ഒരുതോന്നല്‍ മാത്രമായിരുന്നു. അസുഖം മാറാന്‍ മാന്ത്രികക്കുപ്പായം ധരിച്ച ദിവ്യനെ അന്വേഷിച്ചു പോകുന്നതാണ് കഥ.

രസകരമായ കഥ പറയാന്‍ ഇവിടെ ഇടമില്ല. തത്വാധിഷ്ഠിതവും യുക്തിഭദ്രവുമായ ഒരാദര്‍ശം ഖുര്‍ആന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അന്ധതയില്ല. വളച്ചു കെട്ടില്ല. നേര്‍ക്ക് നേരെ പ്രപഞ്ചനാഥനെ ശരണം തേടല്‍ മാത്രം. ഇപ്പോള്‍ ആര്‍ക്കും പറ്റിക്കാവുന്ന വിഡ്ഡികളായി നാം മാറുമ്പോള്‍ നമ്മെയോര്‍ത്ത് അവര്‍ തന്നെ ചിരിക്കുകയാണ്.

സമസ്ത ഉണ്ടാക്കിയത് വരക്കള്‍ തങ്ങള്‍ക്ക് പ്രവാചകന്‍ ദര്‍ശനം നല്‍കിയിട്ടാണെന്ന് പറഞ്ഞാല്‍ നാം തക്ബീര്‍ മുഴക്കും. ജിഫ്രി തങ്ങള്‍ മണ്ണിന്റെ ഉള്ളിലെ മയ്യിതുകളെ കണ്ടു എന്ന് കൂടത്തായി പറഞ്ഞാല്‍ നാം വിശ്വസിക്കും. ഗര്‍ഭം ധരിക്കയില്ല എന്ന് ശാസ്ത്രം തെളിയിച്ച പെണ്ണിനെ ഹൈദരലി തങ്ങള്‍ കറാമത് കൊണ്ട് ഗര്‍ഭം ധരിപ്പിച്ചു എന്ന് അമ്പലക്കടവ് പറഞ്ഞാല്‍ അതും ശരി. ക്രോമസോണ്‍ ഘടനയില്‍ അല്ലാഹു ഗര്‍ഭ പാത്രത്തില്‍ രൂപപ്പെടുത്തിയ കുഞ്ഞിന്റെ പെണ്‍ ലിംഗം പുരുഷ ലിംഗമാക്കിയത് സി. എം. മടവൂരാണ് എന്ന് ഒരു പുരോഹിതന്‍ പറഞ്ഞാല്‍ അതും ശരി.

മരിച്ച ഒരു ഫൈസിയെ ഉമറലി തങ്ങള്‍ പുനര്‍ജീവിച്ചു എന്ന് പറഞ്ഞാല്‍ അതും ശരി. എതോ ബാര്‍ബര്‍ ഷാപ്പില്‍ നിന്ന് കിട്ടിയ മുടി പ്രവാചകന്റെതാണെന്ന് തലപ്പാവ് ധരിച്ച പുരോഹിതന്‍ പറഞ്ഞാല്‍ അതും ശരി. കുത്ബിയെ കടിച്ച പാമ്പ് ചത്ത് പോയി എന്ന് പകര പറഞ്ഞാല്‍ അതും ശരി. അവസാനം ഒരാള്‍ ഹജജിന് നടന്ന് പോയി. അദ്ദേഹം മേഘത്തില്‍ അല്ലാഹുവിനെ കണ്ടു എന്ന് പറഞ്ഞാല്‍ അതും ശരി.

ഹജജിന് നടന്ന് പോകുന്നത് പുണ്യമായി ഖുര്‍ആന്‍ പഠിപ്പിച്ചിട്ടില്ല എന്ന സത്യം പറഞ്ഞവനെ വഹാബിയാക്കി. ഫ്രാന്‍സിലെ പിര ണീസ് മുതല്‍ ഇന്ത്യയിലെ ഔധ് വരെ ചിന്താവിപ്ലവത്തിന്റെ കൊടുങ്കാറ്റ് വിതറിയ, തിരമാലകളുടെ ഗര്‍ജനത്തോടെ യുക്തിബോധത്തിന് വിത്ത് പാകിയ ഇസ്ലാമിന്റെ അനുയായികള്‍
ആര്‍ക്കും പറ്റിക്കാവുന്ന ചണ്ടികളായി മാറിപ്പോയതെന്ത് കൊണ്ട്? (മുസ്ലിം ജനത എന്ത് കൊണ്ട് ഇങ്ങനെയായി ?) മഹാ പണ്ഡിതനായ ശകീബ് അര്‍സലാന്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഇതിന്റെ മറുപടി കാണാം.