വംശഹത്യാ കാലത്തും സൂമ്പക്ക് ചുറ്റും കറങ്ങുന്ന സമുദായം

Opinions

ബി.പി.എ ഗഫൂർ

രാജ്യത്തെ മുസ്ലിം വംശീയ ഹത്യക്ക് പശ്ചാത്തലമൊരുക്കാൻ കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സർക്കാർ ‘ ഭരണ വിരുദ്ധ വികാരം ദേശീയ തലത്തിൽ വ്യാപകമാണെന്നിരിക്കെ അടുത്ത തവണ കൂടി ശരിയായ തെരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറുക സാധ്യമല്ലെന്ന് കണക്ക് കൂട്ടി മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ബോധപൂർവമായ നടപടികൾ ബിഹാറിൽ നിന്ന് തുടങ്ങി കഴിഞ്ഞു.

വ്യാജ വോട്ടർമാരെ തിരുകിക്കയറ്റി ഇവിഎമ്മിൽ കൃത്രിമം ചെയ്ത് മഹാരാഷ്ട്രയിൽ ലക്ഷ്യം കണ്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പട്ടിണിപ്പാവങ്ങളും നിരക്ഷരരും നിരാലംബരുമായ മുസ്ലിംകളാദി പിന്നാക്ക വിഭാഗങ്ങളെ അകറ്റി നിർത്തി ഹിന്ദുത്വ രാഷ്ട്രത്തിൻ്റെ അടിത്തറ പാകിക്കൊണ്ടിരിക്കുന്നു. വോട്ടവകാശമില്ലാത്ത സമുദായം രാജ്യത്ത് നിന്ന് എടുത്തെറിയപ്പെടാൻ പിന്നെ അധികം പണിയെടുക്കേണ്ടതില്ല.

രാജ്യത്തെ മുസ്ലിം സമുദായത്തിൻ്റെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറ തകർത്തെറിയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന വഖഫ് ഭേദഗതി നിയമം സുപ്രീം കോടതിയിൽ വിധി കാത്തു കഴിയവെ വഖഫ് പോർട്ടലും ഡേറ്റാബേസും ചട്ടം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ‘

ആസ്സാമിലെയും ഗുജറാത്തിലെയും പാവപ്പെട്ട മുസ്ലിംകളെ വിദേശികളെന്ന് ചാപ്പ കുത്തി ക്രൂരമായി നാടുകടത്തുന്നു. സംഘ് പരിവാർ ആസൂത്രണം ചെയ്യുന്ന വ്യാജ ഭീകരാക്രമണങ്ങളുടെ മറപിടിച്ച് രാജ്യ വ്യാപകമായി മുസ്ലിംകൾ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു.

സംഘ്പരിവാറിൻ്റെ ബുൾഡോസർ ഭീകരത സുപ്രീം കോടതിയെ പോലും വെല്ലുവിളിച്ച് നിർബാധം നടക്കുന്നു. ഗോ രക്ഷാ ഭീകരർ തല്ലിക്കൊല്ലലുകൾ തുടർന്നു കൊണ്ടേയിരിക്കുന്നു. പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിൽ പോലും മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണവും മുസ്ലിം വിരുദ്ധ നടപടികളും സർക്കാർ അറിഞ്ഞു കൊണ്ട് തന്നെ നടന്നു കൊണ്ടിരിക്കുന്നു

മതേതര ശക്തികളെ ഒപ്പം കൂട്ടി ജനാധിപത്യ പരമായ പ്രതിരോധം തീർക്കേണ്ട അതീവ സങ്കീർണമായ ഈ സാഹചര്യത്തിലും മുസ്ലിം രാഷ്ട്രീയ നേതൃത്വങ്ങളും മത സംഘടനാ നേതൃത്വങ്ങളും അജണ്ടകൾ രൂപപ്പെടുത്താൻ ശ്രമിക്കാതെ ഇപ്പോഴും സുംബയുടെ ചുറ്റും കൈകൊട്ടിക്കളിക്കുന്നു.

സമുദായത്തിൻ്റെ കൂടെ നിർത്തേണ്ടവരെ പോലും തങ്ങളുടെ സ്വാർത്ഥമായ താല്പര്യങ്ങൾക്കായി സംഘി ചാപ്പയടിച്ച് അകറ്റി നിർത്താനും ശ്രമിക്കുന്നു.
സമുദായം നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെ നേരിടാൻ പദ്ധതികൾ ആവിഷകരിക്കാതെ ആരെങ്കിലും കുഴിച്ച കുഴിയിൽ ചെന്ന് വീഴുന്ന അപകടകരമായ ഈ സാഹചര്യത്തിൽ നിന്നും മുസ്ലിം നേതൃത്വം ഉയർന്നെഴുന്നേല്കണം. അതിനായി സമുദായത്തിൻ്റെ പൊതു പ്ലാറ്റ്ഫോം ഉയർന്നു വരട്ടെ