സൗഹൃദം തകര്‍ക്കുന്ന ഭിന്നിപ്പിന്‍റെ ശക്തികളെ തിരിച്ചറിയണം, ചെറുക്കണം: മതമൈത്രി സംഗമം

Kerala

കരിപ്പൂര്‍(വെളിച്ചം നഗര്‍): സൗഹൃദവും ഐക്യവും തകര്‍ക്കുന്ന ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണമെന്നും ഒരുമകൊണ്ട് അവയെ തടയണമെന്നും മുജാഹിദ് സമ്മേളന നഗരിയില്‍ നടന്ന മതമൈത്രി സംഗമം അഭിപ്രായപ്പെട്ടു.

വൈവിധ്യമാണ് രാജ്യത്തിന്റെ പ്രത്യേകത. വിവിധ മതങ്ങളും വിഭാഗങ്ങളും അടങ്ങുന്നതാണ് ഇന്ത്യ. എന്നാല്‍ ഈ വൈവിധ്യങ്ങളെല്ലാം ഇന്ത്യക്കാരെന്ന ഒറ്റ വികാരത്തില്‍ ഒരുമയിലെത്തിക്കുന്നു. എന്നാല്‍ ഇന്ന് ഈ ഒരുമ തകര്‍ക്കുന്ന ശ്രമങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നത്. കേരളത്തിലേക്കും ഈ ഭിന്നിപ്പിന്റെ കിരണങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പൈതൃകവും പാരമ്പര്യവും തിരിച്ചറിഞ്ഞ് പ്രധിരോധിക്കാനും ഭിന്നിപ്പിന്റെ ശക്തികളെ തുരത്തി ഐക്യത്തോടും സമാധാനത്തോടും കഴിഞ്ഞ കാലം തിരിച്ചുപിടിക്കാനും എല്ലാവരും ഒന്നിക്കണമെന്നും മതമൈത്രി സംഗമം അഭ്യര്‍ത്ഥിച്ചു.

സൗഹൃദ കേരളം സമന്വയ കേരളം എന്ന പേരിലുള്ള മതമൈത്രി സംഗമം അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ പറഞ്ഞുകേട്ടിരുന്ന ഭയാനക സാഹചര്യം കേരളത്തിലേക്കും എത്തി നോക്കുകയാണെന്നും ഇതിനെ ചെറുക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലൗ ജിഹാദിന്റെ പേരില്‍ ഒരുസമുദായത്തെ കുറേ കാലം വേട്ടയാടി. അവസാനം പരമോന്നത നീതിപീഠം തന്നെ ഇത്തരമൊരു സാഹചര്യം കേരളത്തിലില്ലെന്ന് പറയേണ്ടി വന്നു. പിന്നീട് ഹലാലിന്റെ പേരിലായി വേട്ടയാടല്‍. നിരുപദ്രവ കാര്യങ്ങളെ പോലും ഭിന്നിപ്പിനായി ഉപയോഗിക്കുകയാണ്. ഹിജാബിന്റെ പേരില്‍ പോലും ഭിന്നിപ്പിനും ധ്രുവീകരണത്തിനും നീക്കം നടക്കുകയാണെന്നും ഓണവും വിഷുവും പെരുന്നാളുകളും ക്രിസ്തുമസുമെല്ലാം ഒന്നിച്ച് ആഘോഷിച്ച ആ നല്ല കാലം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ പി പി ഖാലിദ് ആമുഖഭാഷണം നടത്തി. പ്രൊഫ ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ വിന്‍സെന്റ് അറക്കല്‍, പി സുരേന്ദ്രന്‍, അലി പത്തനാപുരം, പി സുകുമാരന്‍ എന്നിവര്‍ സ്‌നേഹ സന്ദേശം നല്‍കി. സലീം കരുനാഗപ്പള്ളി നന്ദി പറഞ്ഞു.

ബി വി മെഹബൂബ്, ഐഡിയല്‍ അബ്ദുറഹ്‌മാന്‍, സി വി അബ്ദുല്ലക്കുട്ടി. പി മുഹമ്മദ് വാഴക്കാട്, ഹംസ പാറോക്കോട്ട്, അബ്ദുല്‍ ലത്വീഫ് മംഗലപുരം, മുഹമ്മദ് റഫീഖ് മാസ്റ്റര്‍, എന്‍ജിനീയര്‍ പി കെ അബ്ദുല്‍ കരീം, വിജയന്‍ മായപ്പ, അഷ്‌റപ് മാടവന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.