ഹോട്ടല്‍ കച്ചവടത്തെ മറയാക്കി മയക്കുമരുന്ന് വിതരണം, യുവതി പിടിയില്‍

Eranakulam

കൊച്ചി: ഹോട്ടല്‍ കച്ചവടത്തെ മറയാക്കി മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവത പിടിയില്‍. പെരുമ്പാവൂരില്‍ കണ്ടംതറ ഭാഗത്ത് ഹോട്ടല്‍ കച്ചവടം നടത്തുന്ന ബംഗാളി ദീദി എന്നറിയപ്പെടുന്ന പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയായ സുലേഖാ ബീവി (36)യാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും 16.638 ഗ്രാം ഹെറോയിന്‍ എക്‌സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബംഗാളി ദീദി എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സ്വന്തം നാട്ടില്‍ നിന്ന് ഹെറോയിന്‍ കൊണ്ടുവന്നു വില്പന നടത്തുകയായിരുന്നു ചെയ്തിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

എക്‌സൈസിന്റെ പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ ഗ്രേഡ് ബിജു പി.കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാലു എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അരുണ്‍ കുമാര്‍, വിമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ രേഷ്മ എ.എസ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.