വിദേശ യൂണിവേഴ്‌സിറ്റികളുമായി സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികള്‍ സജീവമാക്കും: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്‍റ്സ് അസോസിയേഷന്‍

Eranakulam

കൊച്ചി: രാജ്യാന്തരതലത്തില്‍ പ്രശസ്തമായ വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതി സജീവമാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍.

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളജുകളുടെ ഈ ചുവടുവെയ്പ് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തരതലത്തില്‍ കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കും. ഫാക്കല്‍റ്റി, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഇന്റേണ്‍ഷിപ്പ് എന്നിവയിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ കേരളത്തിലും കേരളത്തില്‍ നിന്നുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനും മികച്ചസ്ഥാപനങ്ങളില്‍ ജോലിക്കും സാധ്യതകളുണ്ടാകും.

സര്‍ക്കാരിന്റെ നിലവിലുള്ളതും രണ്ടുപതിറ്റാണ്ട് പഴക്കമുള്ളതുമായ എഞ്ചിനീയറിംഗ് അഡ്മിഷന്‍ രീതികളില്‍ അടിയന്തരമാറ്റമുണ്ടാകണം. ഇതരസംസ്ഥാനങ്ങളിലേതുപോലെ എ.ഐ.സി.റ്റി.യുടെ നിബന്ധനകള്‍ മാത്രം അഡ്മിഷന് മാനദണ്ഡമാക്കണം. ഇത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് കടന്നുവരാന്‍ സാധ്യതകളുണ്ടാക്കും. സമയബന്ധിതമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളജ് അഡ്മിഷനുകള്‍ പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള പദ്ധതികളും അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കും. കേരളത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ ഹബ്ബാക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും അസോസിയേഷന്‍ പിന്തുണ നല്‍കും. അസോസിയേഷന്റെ കീഴിലുള്ള എല്ലാ കോളജുകളിലും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുവാനും സമ്മേളനം തീരുമാനിച്ചു.

കൊച്ചി കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി. മോണ്‍. ഇ. വില്‍ഫ്രഡ്, മോണ്‍.തോമസ് കാക്കശ്ശേരി, ഫാ.ജോണ്‍ വര്‍ഗീസ്, ഫാ. ആന്റണി അറയ്ക്കല്‍, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോള്‍ നെടുമ്പുറം, ഫാ.ജോണ്‍ പാലിയക്കര, ഫ്രാന്‍സീസ് ജോര്‍ജ് എക്‌സ് എം.പി., ഫാ. ആന്റോ ചുങ്കത്ത്, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.മാത്യു കോരംകുഴ, ഫാ.ജസ്റ്റിന്‍ ആലുങ്കല്‍, ഫാ.ബിജോയ് അറയ്ക്കല്‍, ഫാ.ജോര്‍ജ് റബയ്‌റോ, ഫാ.വില്‍സണ്‍ ഏറത്തറ, ഫാ.ഡേവിസ് നെറ്റിക്കാടന്‍, ഫാ.ആന്റണി പോട്ടോക്കാരന്‍, ഡോ.ലിയോണ്‍ ഇട്ടിയച്ചന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *