”ഉന്നതി 2024-” ഭിന്നശേഷിക്കാരുടെ വൈജ്ഞാനിക പദ്ധതി ഉദ്ഘാടനം ചെയ്തു

Malappuram

പുളിക്കൽ : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡിൽ ഭിന്നശേഷിക്കാരുടെ വികസനവും അവബോധവും ലക്ഷ്യമാക്കികൊണ്ടുള്ള വൈജ്ഞാനിക പദ്ധതിയായ “ഉന്നതി 2024” ന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് നിർവഹിച്ചു.

എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് ചെയർമാൻ കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതി ഥി ഇൻഫ്ലുവൻസറും എഴുത്തുകാരിയുമായ ഡോക്ടർ ഫാത്തിമ അസ്‌ല പ്രോത്സാഹ്നവും പ്രചോദനവും നിറഞ്ഞ പ്രഭാഷണം നടത്തി. ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസവും അവകാശങ്ങളും സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ആവശ്യകതയെ ക്കുറിച്ച് സംസാരിച്ചു.

ഇൻഫോടൈൻമെന്റ് ട്രൈനറും മെന്റലിസ്റ്റുമായ അർഷിദ് ആരിഫ്, സർഫാസ് അഷ്‌റഫ്‌ തുടങ്ങിയവർ മെന്റലിസം, ഹിപ്നോട്ടിസം എന്നീ വിഷയങ്ങളിൽ ഭിന്നശേഷിക്കാരുമായി സംവദിച്ചു. മുൻ സാക്ഷരതാ മിഷൻ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ കൃഷ്ണൻ മാസ്റ്റർ, സോഷ്യൽ വർക്കർ ഷിഫ്‌ല, ഫൗസിയ സിപി, ആംഗ്യ ഭാഷാ ഇന്റർപ്രട്ടർമാരായ അബ്ദുൽ വാഹിദ്, രശ്മിത കെ. ഇ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ഭിന്നശേഷിക്കാരായ ആളുകൾക്കു ഓൺലൈൻ ആയും ഓഫ്‌ലൈനായുമാണ് ഈ പദ്ധതി നടപ്പിലാക്കുക. കിടപ്പിലായവർക്ക് കൌൺസിലിങ്ങും പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിയുള്ള വിതരണവും പഠന സഹായവും എബിലിറ്റി സ്റ്റാഫും പ്രാദേശിക വളണ്ടിയർമാരും ഒരുമിച്ച് നൽകുന്ന “ഉന്നതി 2024” ലൂടെ ഭിന്നശേഷിയുള്ളവരുടെ വൈഞാനിക വളർച്ചയ്ക്കും ശാക്തീകരണത്തിനുമായി രംഗത്തിറങ്ങുന്നതാണ് ഈ പദ്ധതി.