മദ്യത്തിന്നെതിരെ ജനങ്ങളൊന്നിച്ച് പോരാടണം: ഡോ. ഹുസൈൻ മടവൂർ

Malappuram

വേങ്ങര : മദ്യം മനുഷ്യനെ നശിപ്പിക്കുന്ന വൻ തിന്മയാണെന്നും മദ്യത്തിന്നെതിരിൽ മുഴുവൻ മനുഷ്യരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പ്രമുഖ സാമൂഹികപ്രവർത്തകനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
വേങ്ങരയിൽ നടന്ന മദ്യനിരോധന സമിതിയുടെ നാൽപത്തിയാറാമത് സംസ്ഥാന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനങ്ങളും സർക്കാറും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ മദ്യവിമുക്ത കേരളം യാഥാർത്ഥ്യമാവുകയുള്ളു. എ.കെ. ആൻ്റണി സംസ്ഥാനത്ത് ചാരായം നിരോധിച്ച് ആയിരക്കണക്കിന് ചാരായ ഷോപ്പുകൾ അടച്ച് പൂട്ടി. ഉമ്മൻ ചാണ്ടി ഓരോ വർഷവും പത്ത് ശതമാനം വിദേശമദ്യ ഷോപ്പുകൾ അടച്ച് പൂട്ടി. എന്നാൽ പിന്നീട് വന്ന ഇടത് പക്ഷ സർക്കാർ എല്ലാം തകിടം മറിച്ചു.

സംസ്ഥാനത്ത് വെറും ഇരുപത്തി ഒമ്പത് വിദേശമദ്യഷോപ്പുകളുണ്ടായിരുന്നത് ആയിരത്തിലധികമായി. ഷോപ്പുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി ത്രീ സ്റ്റാർ ഹോട്ടലുകൾ ബാറുകളാക്കി. മദ്യഷാപ്പുകൾ വ്യാപിപ്പിക്കാനായി പല നിയമങ്ങളും ഭേദഗതി ചെയ്തു. നാട്ടിൽ നടക്കുന്ന ആത്മഹത്യ, കുടുംബകലഹം, കൊലപാതകം, സ്ത്രീ പീഡനം , വാഹനാപകടം, മാറാവ്യാധികൾ തുടങ്ങിവയിൽ മദ്യത്തിൻ്റെയും മറ്റു ലഹരി വസ്തുക്കളുടെയും പങ്ക് വളരെ വലുതാണ്. അതിനാൽ മദ്യം നിരോധിച്ചേ മതിയാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് പ്രൊഫസർ ടി. എം രവീന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു. മൻസൂർ കോയ തങ്ങൾ പതാക ഉയർത്തി. സി.എസ്.ഐ മലബാർ രൂപതാ ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, ശബരിമല മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി,
ബ്രഹ്മകുമാരി മീനാ ബഹൻ, പ്രമുഖ സാഹിത്യകാരൻ ആലം കോട് ലീലാകൃഷ്ണൻ, ജോസ് കലയപുരം, എം. വി ശ്രീധരൻ മാസ്റ്റർ, ഹസീനാ ഫസൽ, കുഞ്ഞാവു ഹാജി, ഡോ. ഹംസ അൽ സുവൈദ്, ഏട്ടൻ ശുകപുരം, പ്രൊഫസർ ഒ.ജെ. ചിന്നമ്മ, അടാട്ട് വാസുദേവൻ, പി.കെ സിദ്ധീഖ്, ആർ രഘു , പി കെ അസ് ലു തുടങ്ങിയവർ സംസാരിച്ചു.