ലഹരിക്കെതിരെ ഒരു നാടിന്‍റെ ആവേശമായി യു കെ എഫ് മിനി മാരത്തൺ

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ്സ് കൗൺസിലും യു കെ എഫ് സ്റ്റാഫ്‌ വെൽഫയർ ഫോറവും ചേർന്ന് സംഘടിപ്പിച്ച “യു കെ എഫ് മിനി മാരത്തൺ” ആവേശത്തിന്റെ അലയിളക്കി. യുവജന ശക്തി ലഹരിക്കെതിരെ എന്ന സന്ദേശത്തിൽ ആരോഗ്യ സംരക്ഷണത്തിനും ചിട്ടയായ വ്യായാമ കാര്യങ്ങളിലേക്ക് ശ്രദ്ധേയാകർഷിക്കാനും ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുമുള്ള ബോധവൽക്കരണത്തിനായിട്ടാണ് മാരത്തൺ സംഘടിപ്പിച്ചത്. യുകെഎഫ് കോളേജ് വിദ്യാർഥികൾ, അധ്യാപകർ, പാരിപ്പള്ളി പ്രദേശത്തെ സാംസ്കാരിക പ്രവർത്തകർ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പാരിപ്പള്ളി പോലീസ്, എക്സൈസ് പ്രതിനിധികൾ എന്നിവർ മാരത്തൺ ആരവത്തിലലിയാൻ എത്തിയപ്പോൾ യുകെഎഫ് മിനി മാരത്തൺ ഒരു നാടിന്റെ ഉത്സവമായി മാറി.

രാവിലെ 10ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി ഫ്ലാഗ് ഓഫ് ചെയ്തതോടെ മാരത്തൺ ആവേശത്തിന് വെളിച്ചം പരന്നു. തുടർന്ന്, പ്രശസ്ത വോളിബാൾ താരവും കേരള പോലീസ് വോളിബോൾ ടീം ക്യാപ്റ്റനുമായ മുഹമ്മദ് ഇഖ്ബാൽ യു കെ എഫ് മിനി മാരത്തൺ ജേഴ്സിയുടെ ലോഞ്ചിങ് നിർവഹിച്ചു. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ എ. നിസാർ യു കെ എഫ് വിദ്യാർത്ഥി പ്രതിനിധികൾക്ക് ദീപശിഖ കൈമാറി.

ദീപശിഖ പ്രയാണത്തോടെ ആരംഭിച്ച മാരത്തൺ പാരിപ്പള്ളി അമൃത സ്കൂൾ ജംഗ്ഷനിൽ തുടങ്ങി മൈലാടുംപാറ – മീനമ്പലം റോഡിലേക്ക് കടന്നപ്പോൾ പലയിടത്തും കയ്യടിക്കാൻ ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലഹരിക്കെതിരെയുള്ള ഉറച്ച മുദ്രാവാക്യവുമായി ഒരു നാടിന്റെ ആവേശമായി മാറിയ മാരത്തൺ യുകെഎഫ് കോളേജിൽ സമാപിച്ചു. പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഡിപ്പാർട്ട്മെന്റുകൾ, പി എച്ച് സി ഡിപ്പാർട്ട്മെന്റ് എന്നിവരുടെ സഹകരണം യു കെ എഫ് മിനി മാരത്തൺ, അതിന്റെ അവശത്തിന് മാറ്റുകൂട്ടി.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പാൾ ഡോ. ഇ. ഗോപാല കൃഷ്ണ ശർമ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, യുകെഎഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഉണ്ണി സി. നായർ, യുകെഎഫ് സ്റ്റാഫ് വെൽഫെയർ ഫോറം സെക്രട്ടറി പ്രൊഫ. രേശ്മ മോഹൻ, പ്രൊഫ. അഖിൽ ജെ. ബാബു, റ്റി. രഞ്ജിത്ത്, ആർ. രാഹുൽ, കോളേജ് യൂണിയൻ ചെയർമാൻ അഭിഷേക്, സ്പോർട്സ് സെക്രട്ടറി അതുൽ ചന്ദ്രൻ, ഉൾപ്പെടെയുള്ളവർ യു കെ എഫ് മിനി മാരത്തോണിന് നേതൃത്വം നൽകി.