ഭാര്യയ്ക്ക് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

Kollam

കൊല്ലം: ഭാര്യയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് മരുതമണ്‍ പള്ളി കാറ്റാടി പി. കെ. ഹൗസില്‍ വിഷ്ണു ബാലസുബ്രഹ്മണ്യന്‍, ഇയാളുടെ സുഹൃത്ത് മരുതമണ്‍പള്ളി കാറ്റാടി സ്വദേശി ശ്രീക്കുട്ടന്‍ എന്ന് വിളിക്കുന്ന അരുണ്‍ എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

വിഷ്ണുവും ശ്രീക്കുട്ടനും കഴിഞ്ഞ ദിവസം മദ്യവുമായി വീട്ടിലെത്തി അവിടെയിരുന്നു ഇരുവരും മദ്യപിക്കുകയും പിന്നീട് വിഷ്ണുവിന്റെ ഭാര്യയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായ ശ്രീക്കുട്ടന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത യുവതി ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു.

എന്നാല്‍, ഭര്‍ത്താവ് യുവതിയെ തല്ലുകയും മുഖത്തിടിച്ചശേഷം മുടിയില്‍കുത്തിപ്പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.