തിരുവനന്തപുരം: നവലിബറൽ നയങ്ങളെ ചുവടുപിടിച്ച് ഇന്ത്യയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾക്കും ലേബർ കോഡുകൾക്കുമെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി രാജ്യത്തെ തൊഴിലാളി സംഘടനയുടെ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡണ്ട് ഡോ.കെ.ഹേമലത അഭിപ്രായപ്പെട്ടു. സ്പാറ്റൊ സംസ്ഥാന സമ്മേളനത്തിനു മുന്നാടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്ന വിപണി കേന്ദ്രീകൃത സാമ്പത്തിക നയങ്ങൾ അസംഘടിത – പീഡിത തൊഴിലാളി വിഭാഗങ്ങളുടെ ജീവിതത്തെയും തൊഴിൽ സാഹചര്യത്തെയും കൂടുതൽ ദുരിതപൂർണമാക്കുകയാണ്. 1970 കളിൽ പുത്തൻ സാമ്പത്തിക നയങ്ങൾക്ക് ആഹ്വാനം ചെയ്ത ലോകബാങ്കും ഐ .എം.എഫും ഇന്ന് ഈ നയങ്ങളെ തള്ളി പറയുകയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, തുടങ്ങിയ സാഹചര്യങ്ങളിൽ നിന്നും രാജ്യം വിമുക്തമാകുന്നതിന് മൂലധനത്തിൻ്റെ തടസ്സമില്ലാത്ത ഒഴുക്കിന് ശക്തിയേകുന്ന പുത്തൻ ഉദാര നയങ്ങളിൽ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് പ്രചരിപ്പിച്ച് അധികാരത്തിലേറിയവർ സമൂഹത്തെ, വിശേഷിച്ച് തൊഴിലാളി സമൂഹത്തെ ചൂഷണത്തിൻ്റെ മറ്റൊരു ഘട്ടത്തിലേക്കാണ് നയിച്ചത്.
പൊതുമേഖലയിലെയും മറ്റും സ്വകാര്യവത്കരണവും തൊഴിൽ നിയമങ്ങളിലെ മാറ്റവും തൊഴിലാളികൾക്കുമേൽ കടുത്ത ജോലിഭാരവും സമ്മർദവും സൃഷ്ടിച്ചിരിക്കുന്നു. റെയിൽവേയിൽ മാത്രം 4 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. വൈദ്യതി മേഖലയിൽ 40 മുതൽ 60 ശതമാനം വരെ കരാർ ജീവനക്കാരാണ്. 6 മാസവും 1 വർഷവും മാത്രം കാലാവധി നൽകിയ നിയമിക്കുക വഴി തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നു.
പോരാട്ടങ്ങളുടെ തൊഴിലാളി വർഗം നേടിയെടുത്ത സാമൂഹ്യ സുരക്ഷയെ ഭരണകൂടങ്ങൾ ഇല്ലാതാക്കുകയാണ്. ഐ.ടി. പോലുള്ള രംഗങ്ങളിൽ 8 മണിക്കൂർ എന്നതിൽ നിന്നും 14 മണിക്കൂർ വരെയായി തൊഴിൽ സമയത്തെ തൊഴിൽ ദാ ധാക്കൾവർദ്ധിപ്പിക്കുകയാണ്. 2009 ൽ രാജ്യത്തെ ട്രേഡ് യൂണിയൻ സംയുക്തമായി നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്നാണ് സ്വകാര്യവത്കരണത്തിനും വിറ്റഴിക്കൽ നയങ്ങൾക്കും വേഗത കുറയ്ക്കാനായത്. എന്നാൽ മൂന്നാം തവണയു ഭരണത്തിലേറിയ ബി.ജെ.പി സർക്കാർ അവരുടെ നവലിബറൽ നയങ്ങൾ ശക്തമാക്കി മുന്നേറുകയാണ്. ഇതിനെതിരെ എല്ലാത്തരം തൊഴിലാളിക്കുടേയും കൂട്ടായ മുന്നേറ്റം അനിവാര്യമകുന്ന ഘട്ടത്തിലാണ് ഇന്ന് രാജ്യം എത്തി നിൽകുന്നത്.
സി.ഐ.ടി.യു.ദേശീയ കൗൺസിൽ അംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.മുഖ്യാതിഥി ആയി. സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട് ബിന്ദു. വി.സി അധ്യക്ഷത വഹിച്ച സെമിനാറിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം. വി ശശിധരൻ, , സ്പാറ്റൊ ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്പാറ്റൊ സ്റ്റേറ്റ് സെക്രട്ടറി ബിജു. എസ്.ബി സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ.ടി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.